ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

പാലക്കാട്‌"ചന്ദനക്കുളിരേകി വീശിടും തുലാവർഷ-
മന്ദമാരുതനേറ്റു സഹ്യന്റെ മടിത്തട്ടിൽ
തൻതലയൽപം ചായ്ച്ചു വിശ്രമം കൊണ്ടീടുന്ന
പൊന്മലനാടേ വെൽക സന്തതം പാലക്കാടെ !
നിൻപാദമഹർനിശം മൃദുലം തലോടുവാൻ
കണ്ണാടിപ്പുഴയൊപ്പം, നിളയും, കൽപ്പാത്തിയും
മധുവാണിയാം ചിറ്റൂർപ്പുഴയും, ഭവാനിയും,
ശിരുവാണിയും നിൽപ്പൂ, പാടുന്നു ഗായത്രിയും
'മൗനതാഴ്‌വാരം' നമ്മെ കൈമാടിവിളിക്കുന്നു
കാനനഛായയ്ക്കുള്ളിൽ യക്ഷിയും മയങ്ങുന്നു
കേരളാംഗനതന്റെ പൊന്നരഞ്ഞാണാം പാല-
ക്കാടെന്ന പ്രശസ്തമാം മേഖല പ്രശോഭിപ്പൂ
ഈ മലനാടിൻ നിത്യവശ്യമാം നെൽപ്പാടത്തിൻ
ശ്യാമസുന്ദര ദൃശ്യചാരുത കാണുന്നൂ ഞാൻ
കേൾക്കുന്നു മൈസൂർസിംഹഗർജ്ജനമിരമ്പുന്ന
കോട്ടതൻ പ്രതിധ്വനിയിന്നുമെൻ കർണ്ണങ്ങളിൽ
ഭാരതരാജ്യം കണ്ട പ്രതിഭാധനന്മാർക്കു
ഭാസുരമാകും ജന്മം നൽകിയതിവിടം താൻ !
അവർ തൻ പാദസ്പർശമേറ്റൊരീ മണ്ണിൽ നിൽക്കേ
അഭിമാനത്താലാനന്ദാശ്രുക്കൾ തൂകുന്നൂ ഞാൻ !


15 അഭിപ്രായങ്ങൾ:

 1. പാലക്കാടിനെ വിശദമായി തന്നെ വരികളിലൂടെ തുറന്നു വെച്ചുവല്ലോ
  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. അവർതൻ പാദസ്പർശമേറ്റൊരീ മണ്ണിൽ നിൽക്കേ
  അഭിമാനത്താലാനന്ദാശ്രുക്കൾ തൂകുന്നൂ ഞാൻ!

  ആ മണ്ണിൽ ഭൂജാതനാം ഈയുള്ളവൻതൻ ശിരസ്സ-
  ഭിമാനാതിരേകാത്താൽ ഉയര്ന്നിടുന്നൂ വാനോളം!

  നന്ദി, ഭാവുകങ്ങൾ.

  മറുപടിഇല്ലാതാക്കൂ

 3. റാംജി, ഡോക്ടർ, നന്ദി. പാലക്കാട്‌ വിശദമായി കാണണമെന്നുണ്ട്‌ ഒരിക്കൽ. ഇതൊക്കെ കേട്ടറിവുകൾ മാത്രം

  മറുപടിഇല്ലാതാക്കൂ
 4. പാലക്കാട് 40 ഡിഗ്രി ചൂടിൽ കത്തുമ്പോൾ മാഷിന്റെ ഒരു പച്ചപ്പ്‌ കവിത :), ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 5. കണ്ടു ഞാൻ പാലക്കാടിൻ മനോജ്ഞമാം രൂപം
  കണ്ണിൽ പെട്ടു ഈ കവിതയിൽ ഓരോ വരിയില്കൂടെ .
  നല്ല വരികൾ
  ആശംസകൾ സർ

  മറുപടിഇല്ലാതാക്കൂ
 6. നീലപ്പനയുടെ നാട് ഇങ്ങനെയൊക്കെ തനെയാണോ ഇപ്പോള്‍

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. പ്രിയപ്പെട്ട മധു സാർ,
  പാലക്കാടിനെ കുറിച്ചുള്ള വർണ്ണന ഗംഭീരമായി.
  ഇന്നും അവിടം ഇതുപോലൊക്കെ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
 8. ഒരിയ്ക്കൽ കുറ്റിപ്പുറത്തു നിന്നും തെക്കോട്ടുള്ള ട്രെയിനിൽ ചാടിക്കയറി.കൂടെയൊരു ചങ്ങാതിയുമുണ്ട്.മറ്റാരുമല്ല.നല്ല ഒന്നാന്തരം
  ചിക്കൻ പോക്സ്..!! ആരംഭദശയായിരുന്നു.സഹയാത്രികർക്ക് ശല്യമാകുമെന്നതു കൊണ്ട് ലാട്രിനിലിടം പിടിച്ചു.നല്ല ക്ഷീണം.വീണിടം
  വിഷ്ണുലോകം.നിന്നു തന്നെ ഉറക്കം തുടങ്ങി.ഉപഭോക്താക്കളുടെ ഇടിച്ചുകയറ്റം അവിടെനിന്നെന്നെ പുറത്തുചാടിച്ചു.ആൾക്കാർ എന്നെ
  ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു!! മുഖത്ത് 'മുത്തുമണിക്കൊഞ്ചൽ' തുടങ്ങിയിരുന്നേ.. നോട്ടങ്ങളിൽ നിന്നു രക്ഷപെടാനായി ഞാൻ
  വാതിലിനടുത്തേക്ക് നീങ്ങി. പുറത്തേക്കു നോക്കിയപ്പോൾ പുതിയ ചില കാഴ്ച്ചകൾ..! പെട്ടെന്നു മിന്നിമറഞ്ഞ സ്റ്റേഷന്റെ
  നെയിംബോർഡ് കണ്ടെന്റെ കണ്ണുതള്ളി. ഒറ്റപ്പാലം!! കയറിയ ട്രെയിൻ മാറിയിരിക്കുന്നു.!! ഷൊർണ്ണൂർ നിന്ന് ഗതിമാറിയതറിഞ്ഞില്ല.
  അസഹ്യമായ ശരീര വേദന. 'ചിക്കൻ' കൊത്തിക്കയറുകയാണ്.ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള യാത്രയായിരുന്നു.ബാഗിൽ നിറയെ പുസ്തകങ്ങളുമുണ്ട്.അതിന്റെ ഭാരവും.മുഖവും കുനിച്ച് തറയിലങ്ങിരുന്നു.പാലക്കാട് ജംക്ഷനിൽ ഇറങ്ങി.തിരികെപ്പോകാൻ
  കൈയ്യിലെ കാശും തികയില്ല.പ്ലാറ്റ്ഫോമിലെ ബഞ്ചിലിരുന്ന് പല മുഖങ്ങളും എന്നെ തുറിച്ചുനോക്കുന്നു.ഇവനൊക്കെ വീട്ടിലിരുന്നൂടേ..?
  എന്ന ഭാവങ്ങളുമുണ്ട് കൂട്ടത്തിൽ. ഒഴിഞ്ഞ ഒരു മൂലയിലേക്കു നീങ്ങി.ഇതിനിടെ,ഒരു മനുഷ്യൻ എന്റെയടുത്തേക്കു വന്നു.
  റിട്ട്.സർക്കാർ ഉദ്യോഗസ്ഥ്നാണെന്നു കാഴ്ച്ചയിൽ തോന്നി.''ഇതും കൊണ്ടീ യാത്ര വേണമാരുന്നോ''.? പിന്നെ ഞാൻ താമസിച്ചില്ല.ആ
  'ദൈവ'ത്തോട് എല്ലാം വിവരിച്ചു.അദ്ദേഹമെന്നെ സ്റ്റേഷൻ മാസ്റ്ററുടെ റൂമിലെത്തിച്ചു.കാര്യങ്ങൾ വിവരിച്ചു.തിരികെ ഷൊർണ്ണൂർ വരെ
  ടിക്കറ്റ് എടുക്കണം.അവിടുന്ന് തെക്കോട്ട് ആദ്യമെടുത്ത ടിക്കറ്റ് മതിയാകും.ആശ്വാസമായി.പിന്നെയെല്ലാം ചെയ്തത് എന്റെ
  'ദൈവ'മായിരുന്നു. ഷൊർണ്ണൂർ വരെയുള്ള ടിക്ക്റ്റും,ഒരു ചായയും എനിക്കായി. പിന്നെ ഒരമ്പതു രൂപയും. ഒരു വാക്കുപോലും
  ഞാനെതിർത്തു പറഞ്ഞില്ല.എല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.പോകാൻ നേരം,'ദൈവ'ത്തിന്റെ വക തോളത്തൊരു തട്ടും,ഒരു
  പുഞ്ചിരിയും വീണ്ടുമെനിക്കു കിട്ടി. എന്റെ പേരും,ഊരുമെല്ലാം ചോദിച്ചറിഞ്ഞ അദ്ദേഹം എന്നോടൊന്നും അതുപോലെ പറഞ്ഞില്ല.
  പറളിയിലാണ് താമസമെന്നു മാത്രം പറഞ്ഞു.ഞാൻ വീണ്ടും ഷൊർണ്ണൂർക്ക്.ഉച്ചയ്ക്ക് വേണാട് എക്സ്പ്രെസ്സിൽ അവിടെ നിന്നും
  ദക്ഷിണദിക്കിലേക്ക്.പാലക്കാടെന്നു കേട്ടാൽ എനിക്കിതേ ഓർമ്മ വരൂ.ഈ കവിത വായിച്ചപ്പോഴും അതു തന്നെ.
  ഇതെനിക്കോർക്കാതെ വയ്യ. എഴുതാതെ വയ്യ. ഇത്രയും സ്ഥലമപഹരിച്ചതിൽ സർ ക്ഷമിക്കണം. ആ നല്ല മനുഷ്യനെയോർത്ത്

  ''നന്ദിയാലാനന്ദാശ്രുക്കൾ തൂകുന്നു ഞാൻ''!

  കവിത ഒത്തിരിയിഷ്ടമായി.

  ശുഭാശംസകൾ സർ...

  മറുപടിഇല്ലാതാക്കൂ

 9. സര്‍ പാലക്കാട് എനിക്ക് കരിമ്പന കാറ്റു തന്നു വെയിലില്‍ വാടിയപ്പോള്‍
  പനംനൊങ്കും ഇളനീരും തന്നു . കോട്ട മൈതാനത്തെ തണല്‍ തന്നു. കേട്ടിരിക്കാന്‍
  കഥകള്‍ തന്നു . കൂട്ടുകാരെ തന്നു . രാമായണ പൊരുള്‍ കേട്ടു കേട്ടു കോട്ടക്കുള്ളിലെ
  അമ്പലത്തില്‍ തൊഴുതു നിന്നു എത്രയോ നാള്‍ ..പോന്നപ്പോള്‍ ഒരു കരിമ്പന തൈ
  കിട്ടുവാന്‍ ആശിച്ചു . കിട്ടിയില്ല .പകരം ഒരു യക്ഷിപ്പനംകാറ്റ് ചൂളം കുത്തി കൂടെ പോന്നു.
  അതങ്ങനെ ചുറ്റി കറങ്ങുകയാണ് ....ഉള്ളിലൂടെ ...പാലക്കാട്ടുകാര്‍ ക്ഷമിക്കട്ടെ......കവിത നല്ല ഇഷ്ട്ടമായി.
  സ്നേഹ വന്ദനം

  മറുപടിഇല്ലാതാക്കൂ
 10. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും..ഓര്‍മ്മയിലെത്തി.അത്ര മനോഹരമായ വര്‍ണ്ണന.

  മറുപടിഇല്ലാതാക്കൂ
 11. നിധീഷ്‌, നളിനകുമാരി, ഗോപൻ, രതീഷ്‌, ഗിരീഷ്‌, സൗഗന്ധികം, ശാന്തകുമാരി, ആറങ്ങോട്ടുകര.
  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക്‌ എന്റെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 12. സൌഗന്ധികതിന്റെ കുറിപ്പ് വായോച്ചപ്പോൾ എനിക്കൊരു സംശയം, ആ പരളിയിൽ താമസിക്കുന്ന റിട്ടയേർഡ്‌ ഉദ്യോഗസ്ഥൻ
  ആരായിരിക്കും നമ്മുടെ പാലക്കാട്ടെട്ടൻ തന്നെ ആകുമോ? കാരണം ആ സ്നേഹ സമ്പന്നമായ മനസ്സ് അദ്ദേഹത്തിനും ചേരും.

  മറുപടിഇല്ലാതാക്കൂ
 13. http://nalinadhalangal.blogspot.in/2013/04/blog-post_21.ഹ്ത്മ്ൽ
  ഇവിടെ വന്നു നോക്കുമല്ലോ സർ

  keraladasnovel3.
  ഈ കാണുന്നത് പലക്കാട്ടെട്ടന്റെ എഴുത്തിലേക്കുള്ള ലിങ്ക്

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ