ആകെ പേജ്‌കാഴ്‌ചകള്‍

2013, നവംബർ 16, ശനിയാഴ്‌ച

ചെണ്ടഅമ്പലപ്രാവു കുറുകുന്ന ക്ഷേത്രത്തിൽ
കുമ്പിട്ടു നിത്യം തൊഴും ഭക്തനാണു ഞാൻ
അത്താഴപൂജ കഴിഞ്ഞു നടയട-
ച്ചമ്പലവാസികൾ പോയ്ക്കഴിഞ്ഞെങ്കിലും
ദേവനു കാവലായ് നില്പു ഞാനീക്ഷേത്ര-
സോപാനവും നോക്കി രാവുമുഴുവനും
പൊള്ളയല്ലെന്മനം, , ഭക്തി തുളുമ്പിടു-
ന്നുള്ളിൽ സദാ, ദേവചൈതന്യമേല്ക്കയാൽ.
ഏറും തൊലിക്കട്ടിയെങ്കിലും കേവലം
കോറിയാലെൻ നാദമപ്പോളുയർന്നിടും
വൃക്ഷമായ് മണ്ണിൽ പിറന്നു ഞാൻ നേടിയീ-
മോക്ഷം, മൃഗത്തോലണിഞ്ഞുകൊണ്ടീവിധം
ഐകമത്യത്തിന്റെ ശക്തിയാൽ മാറ്റിടാം
വൈരുദ്ധ്യമെന്നു തെളിയിച്ചിടും വിധം
ഒറ്റയ്ക്കൊരിക്കലും നേടുവാനാവാത്ത
ശബ്ദസൌഭാഗ്യം ലഭിച്ചൂ പരസ്പരം !
ചിഞ്ചിലം ചൊല്ലുന്ന ചേങ്ങിലയാണെന്റെ 
ചങ്ങാതി ചഞ്ചല, ഞാനോ ‘വലന്തല’
കാത്തിരിപ്പൂ  സുപ്രഭാതം, ഉയരുന്ന
കീർത്തനം, പൊങ്ങുന്ന ശംഖനാദം, പിന്നെ
ദേവനുണർന്നുകഴിഞ്ഞാൽ തുടങ്ങുമെൻ
പാവനമാം വാദ്യ പൂജനം നിത്യവും
എന്നെ തഴുകുന്ന കൈകളെ സത്യത്തി-
ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.

15 അഭിപ്രായങ്ങൾ:

 1. എന്നെ തഴുകുന്ന കൈകളെ സത്യത്തി-
  ലുമ്മവെച്ചീടാൻ കൊതിച്ചിടുന്നെന്മനം.
  ചെണ്ട - കവിത നന്നായിരിക്കുന്നു.
  കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി
  മാരാര് പണ്ടൊരു ചെണ്ട... ചെണ്ടാ.

  മറുപടിഇല്ലാതാക്കൂ
 2. ചെണ്ടകൊട്ട് കേള്‍ക്കുമ്പോള്‍ ഹൃദയം തുടിച്ചുയരും!

  മറുപടിഇല്ലാതാക്കൂ
 3. സുന്ദരമായ കവിത...ചെണ്ട! തായംബക ഓർമ്മിപ്പിക്കുന്ന ചെണ്ട! ചെണ്ടക്കോലിനെ അവഗണിച്ചോ!

  മറുപടിഇല്ലാതാക്കൂ
 4. മധുവേട്ടന്‍ --- ചെണ്ട വായിച്ചു വളരേ നന്നായിട്ടുണ്ട് 'ദേവനുണര്‍ന്നുകഴിഞ്ഞാല്‍ തുടങ്ങുമെന്‍ പാവനമാം
  വാദ്യ പൂജനം നിത്യവും ' മനോഹരമായ വരികള്‍

  മറുപടിഇല്ലാതാക്കൂ
 5. ഇരുവശവും അടി കൊള്ളുന്ന ചെണ്ടയെ പോലെ ചില ജീവ്തങ്ങളും ഉണ്ട്. അതു പക്ഷെ ജന്മ സായൂജ്യമായി ആ ചെണ്ടകള്‍ കരുതില്ല എന്നൊരു വ്യത്യാസം മാത്രം.അല്ലെ മധു സര്‍?

  മറുപടിഇല്ലാതാക്കൂ
 6. മനോഹരമായ കവിത വരികളും ആഴമുള്ള അർത്ഥങ്ങളും ഒരു ചെണ്ട മേളം തന്നെ ആസ്വദിച്ചു

  മറുപടിഇല്ലാതാക്കൂ
 7. മധു സര്‍ ,
  ഈ മനോഹരമായ കവിതയ്ക്ക് ... ഒരു സ്നേഹ വന്ദനം
  പ്രണാമം

  മറുപടിഇല്ലാതാക്കൂ
 8. വളരെ നല്ല കവിത അച്ഛാ ..... രണ്ടുവരി ഞാനും കടമെടുത്ത് എഴുതുന്നു ...
  പോള്ളയാവില്ലെൻ മനവും സദാ താത ചൈതന്യമേൽക്കയാൽ
  കവിതതുളുമ്പുമായിരിക്കും ഒരുനാൾ ....... ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശ്രീജേ, നിന്നിലും ഒരു കവയിത്രി ഒളിച്ചിരിപ്പുള്ള കാര്യം ഇപ്പൊഴാണ്‌ ഞാൻ അറിയുന്നത്‌. എഴുതുക, വളരുക

   ഇല്ലാതാക്കൂ
 9. അഭിപ്രായം കുറിച്ച എല്ലാവർക്കും എന്റെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. ചെണ്ടകൊട്ടു ഒരു തലോടലാണെന്ന....തിരിച്ചറിവു തന്നതിനു......നന്ദി.....കവിത നന്നായിരിക്കുന്നു........ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 11. പൊള്ളയാണെങ്കിലും അതിൽ നിന്നുയരുന്ന ഭക്തിയുടെ നാദം തന്നെ ദേവന്മാർക്കും പ്രിയം.അർത്ഥവത്തായ വരികൾ തന്നെ.

  നിസ്വന്മാരായ ഭക്തനാണെങ്കിലും, ഭക്തി കളങ്കമറ്റതെങ്കിൽ ഈശ്വരനു അതു തന്നെ പ്രിയം. ഇതിനു ഉത്തമദൃഷടാന്തമാണീ വരികൾ.

  വളരെയിഷ്ടമായി.


  ശുഭാശംസകൾ സർ...

  മറുപടിഇല്ലാതാക്കൂ
 12. ഒന്നുമൊട്ടു കഴിയില്ലെനിയ്ക്കെങ്കിലും
  അന്നത്തിൻ വഴിയാക്കിടുന്നെന്നെയും

  മറുപടിഇല്ലാതാക്കൂ