വർണ്ണപ്പൊലിമയെഴും പീലി കാലമാം
സ്വർണ്ണകിരീടത്തിൽ വീണ്ടും തിരുകിയും
സ്വപ്നം നുണയുന്ന താമരമൊട്ടുകൾ-
ക്കർക്കകിരണങ്ങൾ കുങ്കുമം പൂശിയും
പൊട്ടിവിടരുന്ന പൂവുകൾ തന്നുള്ളി-

മത്തുപിടിപ്പിച്ചിടുംവിധം തൂമണം
ചുറ്റിലും കാറ്റിന്റെ കൈയാൽ പരത്തിയും
ആർത്തലച്ചെത്തി വിഭാതം, കടൽത്തിര-
ച്ചാർത്തുപോൽ തൂനുരപ്പാലല ചാർത്തിയും
പന്ത്രണ്ടു കൂറ്റൻ കുതിരയെ കെട്ടിയൊ-
രിന്ദ്രന്റെ തേരിൽ കയറി നീയെത്തവെ
സ്വാഗതം നൂതന വത്സരമേ, നിന്റെ-
യാഗമം ഞങ്ങൾക്കു സന്തോഷദായകം
യാത്രയിൽ നേരിട്ട ദാഹവും ക്ഷീണവും
രാത്രിയിൽ പന്ഥാവു തെറ്റിയ കാര്യവും
ഓടും കുതിരകൾ കാൽ തെറ്റി വീണതും,
നാടും നഗരവും തെണ്ടിയലഞ്ഞതും
ഒക്കെയും ഞങ്ങൾ മറക്കുന്നു കേവലം
ത്വൽ കൃപാ വീക്ഷണ കോണിൽ പതിയവെ
സല്ക്കലാ വല്ലഭയായി നീ വന്നെത്തി
സല്ക്കരിച്ചാലും സമൃദ്ധികളംബികേ
ഉല്ക്കട ദാഹാർത്തർ ഞങ്ങൾ ഹാ ! നീട്ടുന്നി-
തല്പവും കെല്പെഴാതുള്ളൊരീ കൈയുകൾ
ആത്മാവിൽ നിന്നുയർന്നുള്ളൊരീ ഗീതിയിൽ
സാത്മ്യം പ്രപഞ്ചം വരിക്കാനൊരുങ്ങവെ
ഞങ്ങൾ മറക്കുന്നു ഞങ്ങളെത്തന്നെയും
പൊങ്ങിടും ഭീതിയിൽ സംതൃപ്തരാകവെ.