ആകെ പേജ്‌കാഴ്‌ചകള്‍

2013, ഡിസംബർ 9, തിങ്കളാഴ്‌ച

"പ്രവാസി കാഹളം"

കവി  ഉത്തമൻ  ചേടിക്കുന്ന്‌ നിരാശനായിരുന്നു. തനിക്ക്‌ വേണ്ട അംഗീകാരം കിട്ടുന്നില്ല. നാലാൾ തന്നെപ്പറ്റി സംസാരിക്കുന്നില്ല. തന്റെ കൃതികളേപ്പറ്റി മഹനീയം എന്നു പറയുന്നില്ല. ഒടുവിൽ ഉത്തമൻ സ്വയം ഒരു അവാർഡ്‌ സൃഷ്ടിക്കാൻ തീരുമാനിച്ചു.
അതിനുള്ള ഭാവനാവിലാസങ്ങൾ അയാൾക്ക്‌ ഉണ്ടായിരുന്നു.
ഒരു കടലാസെടുത്ത്‌ അയാൾ ഇങ്ങനെ എഴുതി.. "പ്രവാസി കാഹളം" അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌. ടൈറ്റിലിന്‌ അടിവരയിട്ടു.
പിന്നീട്‌ കണ്ണുമടച്ചു കാച്ചി.  ഭീലായിലുള്ള “പ്രവാസികാഹളം” മാസിക സംഘടിപ്പിച്ച കവിതാമത്സരത്തിൽ ഉത്തമൻ ചേടിക്കുന്ന്‌ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.. 2013 ലെ പ്രവാസി കാഹളം അവാർഡ്‌ ഉത്തമൻ ചേടിക്കുന്നിന്‌ ഭീലായിയിൽ ഡിസമ്പർ 25ന്‌ നടക്കുന്ന പ്രത്യേക ചടങ്ങിൽ അവർഡ്‌ തുകയായ 11,111  രൂപയും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കുന്നതായിരിക്കും. യാത്രാചിലവും മറ്റും മാസിക വഹിക്കും. പ്രശസ്ത നോവലിസ്റ്റ്‌ ആനക്കുളം കുഞ്ഞിപ്പോക്കർ പുരസ്ക്കാരം നല്കുന്നതായിരിക്കും.
മാസികയുടെ ഒരു ലെറ്റർ ഹെഡ്ഡ്‌ തന്റെ ഭാവനപോലെ രൂപകല്പന ചെയ്തു കമ്പ്യൂട്ടറിൽ ഉണ്ടാക്കി. അയാൾ ഭംഗിയായി വാചകങ്ങൾ പകർത്തി എഴുതി. നിരവധി ഫോട്ടൊകോപ്പികൾ പ്രമുഖ പത്രമോഫീസുകളിൽ എത്തിച്ചു. അടുത്ത ദിവസത്തെ പത്രങ്ങളിലൊക്കെ ഫോട്ടൊ സഹിതം വാർത്ത അച്ചടിച്ചുവന്നു.
ഉത്തമന്‌ അഭിനന്ദനങ്ങളുടെ ഒരു തുലാവർഷം തന്നെയുണ്ടായി.  അവാർഡിനേക്കാൾ വലുതല്ലെ ജനങ്ങളുടെ ഈ അനുമോദനം. പുളകിത ഗാത്രനായ ഉത്തമൻ കോൾമയിർകൊണ്ടു.
പിറ്റേന്ന്‌   പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. :
"പ്രവാസി കാഹളം" എന്ന  മാസിക അങ്ങനെയൊരു അവാർഡ് ആർക്കും നല്കുവാൻ ഉദ്ദേശിച്ചിട്ടില്ല. പത്രത്തിൽ  വന്ന വാർത്ത ഉത്തമൻ ചേടിക്കുന്ന്‌  പ്രശസ്തിക്കുവേണ്ടി വ്യാജമായി സ്വയം  സൃഷ്ടിച്ചതാണെന്നും ആകയാൽ നിയമ നടപടികൾ കൈക്കൊള്ളുന്നതാണെന്നും മാസികയുടെ മാനേജർ അറിയിക്കുന്നു.
ഉത്തമൻ വാർത്ത വായിച്ചതും ബോധംകെട്ടു വീണു.

7 അഭിപ്രായങ്ങൾ:

 1. അധമബോധം മാറിക്കടക്കാന്‍ ഉത്തമന്‍ സ്വീകരിച്ച മാര്‍ഗ്ഗം അക്കിടിപറ്റും വിധമായി.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നിരാശയില്‍ നിന്നുണ്ടായ എടുത്തുചാട്ടം അയാളെ കോടതിയില്‍ എത്തിച്ചു.
  കഷ്ടമായിപ്പോയി.
  മധു സര്‍, ഇത് ഭാവനയോ അതോ എവിടെയെങ്കിലും സംഭവിച്ചതോ?

  മറുപടിഇല്ലാതാക്കൂ
 3. മധുവേട്ടാ നന്നായിട്ടുണ്ട് ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. മധു സര്‍
  കഥ ,നന്നായിരിക്കുന്നു . ഒരു .ചാട്ടുളി പോലെ അതു കൊള്ളെണ്ടിടത്തൊക്കെ തറഞ്ഞു കൊള്ളട്ടെ.

  മറുപടിഇല്ലാതാക്കൂ
 5. ഉത്തമന്‍ മാനേജരെ സസ്പെന്റ് ചെയ്യട്ടെ.........നന്നായിരിക്കുന്നു...........

  മറുപടിഇല്ലാതാക്കൂ