ആകെ പേജ്‌കാഴ്‌ചകള്‍

2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

പൂക്കളമത്സരം





വിരിയും പൂവിൻ ചുണ്ടിൽ പലപല
രാഗം ചിതറീ, വളകൾ കിലുങ്ങി,
തിരുവോണത്തിനു സ്വാഗതമോതാ-
നുണരുകയായി കേരളഭംഗി

പഴകിക്കീറിയ കർക്കിടകത്തി-

ന്നീറൻ ചേലയുണക്കിയെടുത്തി-
ട്ടഴകായ് ചിങ്ങപ്പെണ്ണു ഞൊറിഞ്ഞു ച-
മഞ്ഞു വരുന്നതു കാണുന്നേരം,


മഴവില്ലൊരു പൂ ചൂടിക്കുന്നു,
കുങ്കുമതിലകം  നെറ്റിയിലന്തി-
ക്കിഴവി വിറയ്ക്കും കയ്യാൽ ചാർത്തി
ചന്തം നോക്കി രസിക്കുന്നല്ലൊ !

മിഴികളിലഞ്ജനമെഴുതാൻ കരിമുകി-

ലിന്നലെ രാത്രിയുറങ്ങാതല്ലോ
മെഴുകിയെടുത്തൂ കണ്മഷി വിണ്ണിൻ
സ്ഫടികത്തളികയുണങ്ങും മുമ്പെ

കലിതാമോദം തന്മുഖകാന്തി നു-

കർന്നു രസിക്കാനല്ലൊ നീല-
ക്കടലൊരു കണ്ണാടിയുമായ് വന്നു വി-
ളിപ്പൂ പൂവിളിയെങ്ങും കേൾപ്പൂ !

വരവായ് വരവായ് ! മലനാടിന്റെ ഹൃ-

ദന്തം തോറും മധുരം വിതറാൻ
തിരുവോണത്തിൻ പുഷ്പവിമാനമി-
റങ്ങുന്നല്ലൊ  പുളകം പാകാൻ

മാറിവരുന്നൊരു കാലത്തിന്റെ മി-

ടിപ്പിനു മുന്നിൽ സൂര്യവെളിച്ചം
കീറിമുറിച്ചു വരുന്നു, മനുഷ്യൻ-
നേടിയ  മാന്ത്രിക വൈദ്യുതശക്തി

നീ|റിപ്പുകയും ചൂടിനെ വെല്ലാൻ

കൊട്ടിയടച്ച തലയ്ക്കകമെല്ലാം
കോരിനിറയ്പ്പൂ കുളിരല മർത്ത്യൻ
നേടിയ ശാസ്ത്രപരിജ്ഞാനങ്ങൾ

ഓണംകേറാമൂലകൾ കൂടി 

പൂക്കളമിട്ടു, പരിഷ്ക്കാരത്തിൻ
മോബൈൽ നാദമുയർന്നതിനൊപ്പം
സ്ത്രീയും ടീവിയുമൊന്നായ് മാറി

പുതുതായ് ഞങ്ങടെ നാട്ടിലുമങ്ങനെ 

ഓണപ്പൂക്കളമത്സരമെത്തി
കുതുകം സ്വാഗതമോതി പലരും
സമ്മാനത്തിനു പൂവുകൾ തേടി

പലവിധമഴകുകൾ തേടും തരുണികൾ 

‘പ്രേമം’ കണ്ടും കൊണ്ടും മലരായ്
മലയാളക്കരയാകെ കോൾമയിർ
കൊള്ളും സുന്ദര ഗാനം പാടി.

പൂവുകൾ തേടി കാടും മേടും

തെണ്ടിയലഞ്ഞു, മറന്നൂ നോവുകൾ
പൂവിതളൊക്കും വിരലുകൾ നീട്ടി
പൂപ്പാലികയിൽ പൂക്കൾ കൂട്ടി


രാവിലുറങ്ങാതല്ലോ വീട്ടിൻ

മുറ്റത്തിട്ടവർ പൂക്കളമേതോ
ഭാവന കാട്ടിയ ചിത്രം പോലെ
വരച്ചും മായ്ച്ചും വീണ്ടും വീണ്ടും

പുതിയൊരു സൂര്യനുദിച്ചെൻ മുറ്റ-

ത്തായതു കാണ്മാനല്ലോ വന്നൂ
പരിശോധകർ,   മിഴിനട്ടുംകൊണ്ടു
കൊതിച്ചൂ, കിട്ടും സമ്മാനം ഞാൻ

പുലരിപ്പെണ്ണിനു കണ്ണു കലങ്ങി,

കോപം പൂണ്ടു മറഞ്ഞൂ സൂര്യൻ,
അലറിക്കൊണ്ടൊരു കാറ്റും മഴയും
മുറ്റത്തെത്തിയതപ്പോഴല്ലൊ !

പാറിപ്പോവുകയായീ പൂവുക-

ളെങ്ങോ മഴയിൽ ചിതറി, പൂക്കള-
മാകെ യുദ്ധക്കളമായ് തീർന്നു, ത-
കർന്നൂ കവിയുടെ ഭാവനപോലും

കാറ്റും മഴയും നിന്നൂ, സൂര്യനു-

യർന്നൂ, മഞ്ഞണി മാമലമേലൊരു
പൂക്കളമായി, പുലരിപ്പെണ്ണിനു
സമ്മാനവുമായ് തിരുവോണവുമായ് !

8 അഭിപ്രായങ്ങൾ:

  1. കവിത മനോഹരം മധു സാർ..
    ഓണാശംസകൾ !

    മറുപടിഇല്ലാതാക്കൂ
  2. പൂക്കളമത്സരം ജോറായി.

    കവിത പോസ്റ്റ്‌ ചെയ്തതില്‍ (കഴിഞ്ഞ കവിതയും)
    ഒന്നിന്റെയും വള്ളികള്‍ തെളിഞ്ഞു കാണുന്നില്ല.
    അഭിപ്രായങ്ങളില്‍ കാണാം. ഉദാ: അഭിപ്രായത്തില്‍ കവിത
    എന്ന് വായിക്കാമെങ്കില്‍ പോസ്റ്റില്‍ കവത എന്നെ വായിക്കാന്‍ പറ്റുന്നുള്ളൂ.
    എല്ലാവര്ക്കും ഉണ്ടോ എന്നറിയില്ല ട്ടോ.
    ചിലപ്പോ എന്റെ സിസ്റ്റത്തിന്റെ തകരാറ് ആയിരിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റാംജി നന്ദി. എന്താണെന്നറിയില്ല. ഇവിടെ വള്ളികൾ കാണുന്നുണ്ട്‌. ഗിരീഷിന്‌ കിട്ടിയതിൽ വള്ളികളൊക്കെയുണ്ടെന്നാ പറഞ്ഞത്‌
      ഓണാശംസകൾ

      ഇല്ലാതാക്കൂ
  3. വാക്കുകള്‍കൊണ്ടുള്ള ഈ പൂക്കളം നന്നായി....

    മറുപടിഇല്ലാതാക്കൂ