ആകെ പേജ്‌കാഴ്‌ചകള്‍

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

മാഞ്ചോട്ടിൽ

ഞാൻ മുമ്പിലെന്നുചൊല്ലി ധൃതിയിൽ പാഞ്ഞീടുന്നു
മാമ്പഴം പെറുക്കാനായ് ജ്യേഷ്ഠനുമനുജനും
കാണുമാ കനിഷ്ഠന്ന്‌ രണ്ടാണ്ട്‌, ജ്യ്യേഷ്ഠന്നതിൽ-
ക്കൂടുതൽ മൂന്നുവർഷം മാത്രമേ തോന്നുന്നുള്ളു
ധൃതിയിൽ പെറുക്കിയാ മാമ്പഴം വരജന-
ങ്ങതിയായ് സന്തോഷിച്ചു; ചുണ്ടുകൾ വികസിക്കെ,
പിന്നിൽനിന്നതാ രണ്ടു കണ്ണുകൾ നിറയുന്നു,
തന്നുടെ മുഖപത്മം വാടുന്നൂ ദയനീയം,
കേഴുകയായപ്പാവം ദീനദീനമായ് തനി-
ക്കേശിയ നിരാശതന്നാശുശുക്ഷണിയേല്ക്കേ,
കുഞ്ഞിനെക്കരയിച്ചതെന്തിനെന്നോതിക്കൊണ്ട-
ങ്ങഞ്ജസാ ജനയിത്രിയുമ്മറപ്പടിയെത്തി.
“മാമ്പഴം കൊടുക്കെടാ കുഞ്ഞിനെ” ന്നതു കേട്ട
മാത്രയിൽ മാണവ്യമാം ചൊടിയാലപ്പൂർവ്വജൻ
അലക്ഷ്യമായെറിഞ്ഞാൻ മാമ്പഴം കുഞ്ഞിൻ നേരെ
പെരുത്ത കോപവ്യസനാദിയാൽ നിറയവെ,
കുഞ്ഞിനു മുന്നിൽ വീണ മാമ്പഴമെടുത്തതാ-
കുഞ്ഞിക്കൈയ്യല്ല, തക്കം പാർത്തിരുന്നൊരു കാകൻ;
പുഞ്ചിരി തൂകി, കൊച്ചുകൈയിണകൊട്ടി, ബാലൻ
കൊഞ്ചലിലോതി ‘കാക! കാക’ എന്നവ്യക്തമായ്
ഏതൊരു മായാമയമാകിയ കരമാണാ
സേതുവെയണകെട്ടിനിർത്തിയന്നിമിഷത്തിൽ ?

( ദേശമിത്രം ആഴ്ചപ്പതിപ്പിൽ 1955 ൽ പ്രസിദ്ധീകരിച്ചത്‌)

9 അഭിപ്രായങ്ങൾ:

 1. ഞാന്‍ ജനിച്ചിട്ടില്ല.
  ഒന്നും പറയാനില്ല മാഷെ.

  മറുപടിഇല്ലാതാക്കൂ
 2. പല കവിതകളുടെയും കവികളുടെയും സ്വാധീനം അനുഭവപ്പെടുന്ന തുടക്കക്കാരന്റെ കവിത.

  മറുപടിഇല്ലാതാക്കൂ
 3. അതാണല്ലോ തുടക്കക്കാരന്റെ കൈമുതൽ, ഊർജ്ജം

  മറുപടിഇല്ലാതാക്കൂ
 4. 1955 ലോ ??
  ബലേഭേഷ്..
  ഓ൪മകളിപ്പോഴും ദഹിക്കാതെ തികട്ടിവരുന്നുണ്ടല്ലെ..

  മറുപടിഇല്ലാതാക്കൂ
 5. ഒരു സത്യം തുറന്നു പറയട്ടെ...ഒരു പതിനാലുകാരനില്‍ കാണാനിടയുള്ള ബാലിശതയൊന്നും ഈ വരികളിലില്ല..........അവിടെ നിന്നു വളരെയൊന്നും മുന്നോട്ട് പോകാന്‍ താങ്കളുടെ കാവ്യശൈലിക്കു കഴിഞ്ഞിട്ടില്ല എന്ന് ഇപ്പോഴെഴുതുന്ന കവിതകള്‍ വായിക്കുമ്പോള്‍ തോന്നുന്നു

  മറുപടിഇല്ലാതാക്കൂ

 6. നന്ദി അനുരാജ്. എന്റെ കാവ്യശൈലി എന്റെ കൂടപ്പിറപ്പാണ്‌. മറ്റുള്ളവർക്കുവേണ്ടി അതു ഞാൻ മാറ്റാറില്ല.

  മറുപടിഇല്ലാതാക്കൂ