ആകെ പേജ്‌കാഴ്‌ചകള്‍

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പെൺകുട്ടി




പത്തൊമ്പതല്ലോ പ്രായം, പേടിയാവുന്നു, തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമാണീ പെൺകുട്ടി.
എങ്ങിനെ വിളിക്കും ഞാൻ ‘കുട്ടീ’ യെന്നിക്കാൽ വെപ്പിൽ
പൊങ്ങിടും യുവത്വത്തിൻ ശിഞ്ജിതം കേൾക്കുന്നേരം.
കുട്ടിയല്ലിനിമുതൽ, വിടരാൻ വേണ്ടിക്കാക്കും
മൊട്ടല്ല; തിരിതാഴ്ത്തിവച്ചതാം വിളക്കല്ല,
സ്വർണ്ണനൂലിഴകളാൽ ജീവിതം ചരിത്രത്തിൻ
വർണ്ണത്തൂവാലത്തുമ്പിൽ തുന്നും നീ കലാകാരി.
എന്തൊരു തിളക്കമാക്കൺകൾക്ക്‌, നിഗൂഢമാ-
മന്തരീക്ഷത്തിൽ വെള്ളിത്താരകളൊളിക്കുന്നു.
സന്ധ്യകൾ മുഖം താഴ്ത്തി നില്ക്കുന്നു, പ്രവഹിക്കും
സിന്ദൂരഛവിയാൽ നിൻ പൂങ്കവിൾ തുടുക്കുമ്പോൾ
തൂമിന്നലൊളി വീണ്ടും വീശുന്നു, കരിങ്കൂന്തൽ
തൂമയിലലസം നിൻ കൈവിരൽ തലോടുമ്പോൾ
ഓരോ നിൻ ചലനവുമെന്റെയീ ഹൃദന്തത്തിൽ
മാരിവിൽച്ചായം വാരിപ്പൂശുകയല്ലോ ചെയ് വൂ.
അന്ധനായ് പോകുന്നൂ ഞാൻ മോദത്താൽ, പരസ്പര-
ബന്ധത്താൽ, നുകരുമീ ഗന്ധത്താലനുവേലം !
തേന്മഴ ചൊരിയുന്നു കാതിലും മനസ്സിലു-
മോമലേ നിൻ സംഗീതം ഗന്ധർവലോകം തീർക്കെ
ഓർമ്മകൾ കെട്ടിത്തന്ന ചിറകും പൊക്കീട്ടേവം
വാർമഴവില്ലിൻ മീതെ പൊന്തി ഞാൻ പറക്കുന്നു.
വേനലിൽ, കൊടുംചൂടിലന്നൊരു മരച്ചോട്ടിൽ
ദീനയായ് കേഴും സ്ത്രീയെ കണ്ടു ഞാൻ നടുങ്ങിപ്പോയ്
പട്ടിണിത്തീച്ചൂളയിൽ വെന്തൊരാരൂപം കാൺകെ
പട്ടടയനാവശ്യമെന്നല്ലോ പറയേണ്ടു
കഷ്ടിച്ചു നാണം മൂടാൻ വസ്ത്രമില്ലെന്നാല്ക്കൂടി
ഗർഭമാം ഭാണ്ഡം ലോകമേഴയാമിവൾക്കേകി
ഉണ്ടൊരു പുതുജീവൻ വെമ്പുന്നു, തുടിക്കുന്നു
ചുണ്ടുകൾ പിളർന്നീടാൻ, പ്രാണവായുവേറ്റീടാൻ
ബന്ധനവിമുക്തമായ് നാളിതുവരെ താണ്ടു-
മന്ധകാരത്തിന്നന്ത്യം കാണുവാൻ കൊതിക്കുന്നു.
സ്വാതന്ത്ര്യമാകും ദിവ്യപദമേറീടാൻ, നീണ്ട
പാരതന്ത്ര്യത്തിൻ പൊക്കിൾച്ചങ്ങലയറുത്തീടാൻ,
മുഷ്ടികൾ ചുരുട്ടുന്നു, പൊങ്ങുന്നു മുദ്രാവാക്യ-
മഷ്ടദിക്കുകൾ തോറും മാറ്റൊലി മുഴങ്ങുന്നു.
വേദനയനുഭവിച്ചല്പവും കരയാതെ
നോവുന്നൊരുദരത്തിൻ ഭാരവും പേറിപ്പേറി,
ഏകയായ്, കൊടുംചൂടിൽ പച്ചിലത്തണൽ പറ്റി
ദീനയായഗതിയായമ്മേ നീ പ്രസവിച്ചു.
“ആഗസ്ത്‌ പതിനഞ്ചാ”ണാദിനം, നിൻ കുഞ്ഞിന്റെ
ജാതകം കുറിച്ചതുമന്നല്ലോ ദൈവജ്ഞന്മാർ
കണ്ടുനിന്നവർ ചൊല്ലീയീവിധം: “ഈ കുഞ്ഞെന്തേ
മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !
വളർന്നു വളർന്നു നീ ഞങ്ങൾതൻ കണ്ണിൻ മുത്തായ്
പകർന്നൂ മധുരമീ മാനസ ചഷകത്തിൽ
ഈ നവലഹരിയിലാമഗ്നമാമെൻ ചിത്തം
നീ തീർത്ത വികാസത്തിലറിയാതല്ലോ ചൊല്ലീ?
പത്തൊമ്പതല്ലോ പ്രായം, പേടിയെന്തിനു? തൊട്ടാൽ
പൊട്ടുന്ന പളുങ്കിന്റെ പാത്രമല്ലീ പെൺകുട്ടീ. !
(15-08-1966)

11 അഭിപ്രായങ്ങൾ:

  1. ഇത് ഭാവനയോ യാഥാർത്ഥ്യമോ ? പെണ്‍കുട്ടികൾ പളുങ്കുപാത്രമാകാതെ വജ്രമാകട്ടെ. സദ്‌ഗുണങ്ങളുടെ ശോഭയാൽ കണ്ണഞ്ചിപ്പിക്കുന്നവളും നീതികേടുകളുടെ ചില്ലുകഷ്ണങ്ങളെ ഉടച്ചു പൊടിച്ചു കളയുന്നവളും ആകുന്ന വജ്രം ആവട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും ആയിരിക്കണം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഗിരിജടീച്ചറേ.

      ഇല്ലാതാക്കൂ
  2. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി ഒരു തലമുറയനുഭവിച്ച ത്യാഗങ്ങളും യാതനകളും എത്രയെന്നും, സ്വാതന്ത്ര്യമില്ലായ്മയുടെ കയ്പ്പെന്താണെന്നും സ്വതന്ത്രഭാരത്തിൽ ജനിച്ചവർക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ലെന്നു തോന്നുന്നു. മധുസൂദനൻ സാർ ഭാരതത്തിന്റെ ഈ രണ്ടവസ്ഥകളും കണ്ടറിഞ്ഞിട്ടുണ്ടാവണം. ആ പിറവി കാണാൻ കഴിഞ്ഞതുകൊണ്ടാവണമല്ലോ ഇന്നത്തെ തലമുറ യാന്ത്രികമായിട്ടാണെങ്കിലും ഭാരതാംബയെന്നു വിളിക്കുന്ന സ്വതന്ത്രഭാരതത്തെ സർ നാല്പ്ത്തൊൻപത് വർഷങ്ങൾക്കു മുൻപ് ഒരു മകളായി കണ്ട് ഈ കവിതയിലൂടെ അഭിസംബോധന ചെയ്തത്. നമ്മുടെ ഭാരതം അറുപത്തിയൊൻപതാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഈ വേളയിൽ, ഒരു സൈനികോദ്യോഗസ്ഥൻ കൂടിയായിരുന്ന അങ്ങയുടെ (ബ്ളോഗിലൂടെ ഞാൻ മനസ്സിലാക്കിയതു ശരിയെങ്കിൽ) നിഷ്കപടമായ സ്വരാജ്യസ്നേഹത്തിന്റെ ഉത്തമനിദർശനം തന്നെയാകുന്നു മനോഹരമായ ഈ കവിത. വളരെയിഷ്ടമായി.


    ശുഭാശംസകൾ സർ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. സൌഗന്ധികം, താങ്കൾ എഴുതിയത്‌ ശരിയാണ്‌. 18 വർഷത്തോളം ഞാൻ നാവികസേനയിൽ സേവനം അനുഷ്ഠിച്ചിരുന്നു. അതിന്റെ ഗുണവും, ദോഷവും എന്നിലുണ്ടുതാനും. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട്‌ നന്ദി.

      ഇല്ലാതാക്കൂ
  3. എത്രയെത്ര ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു ദശകങ്ങള്‍ പഴക്കമുള്ള ഈ കവിത.

    മറുപടിഇല്ലാതാക്കൂ

  4. അതെ, അജിത്ത്‌. എഴുതിയ കവിതകൾ സൂക്ഷിച്ചുവെക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്‌. (പട്ടാളച്ചിട്ടയുടെ മറ്റൊരനുഗ്രഹം). സന്തോഷം.നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ആദ്യവായനയിൽ ഞാൻ മനസ്സിലാക്കിയ ആശയത്തിന് എന്തോ പിഴവുണ്ടെന്നു എനിക്ക് ശേഷം അഭിപ്രായമെഴുതിയ സൗഗന്ധികത്തിന്റെ വരികളിൽ നിന്ന് മനസ്സിലായി. ശേഷം ഒന്ന് കൂടി വായിച്ചുനോക്കി. അപ്പോഴാണ്‌ ഏറ്റവും കീഴെ (15-08-1966) എന്ന് കവിത എഴുതിയിരിക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണിൽ പെട്ടത്. അപ്പോഴാണ്‌ "പത്തൊമ്പതല്ലോ പ്രായം" എന്ന വരിയുടെ ശരിയായ ആശയം തലയിൽ കത്തിയത്. ശേഷം ഒന്നുകൂടി വായിച്ചുനോക്കിയപ്പോൾ ആണ് വാക്കുകളുടെ നേരർത്ഥത്തിൽ നിന്നുള്ള മറുചാട്ടം സത്യത്തിൽ മനസ്സിലായത്‌.

    “ഈ കുഞ്ഞെന്തേ
    മിണ്ടാത്തൂ?, കൈകാലിട്ടു തല്ലാത്തൂ, കരയാത്തൂ ?
    ജീവനീ കുഞ്ഞിന്നില്ലേ?” സത്യത്തിൽ സ്വാതന്ത്ര്യത്തിൻ
    ജീവവായുവേറ്റാകുഞ്ഞങ്ങനെ മയങ്ങിപ്പോയ് !"

    അന്ന് പുതുസ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് മയങ്ങിപ്പോയ കുഞ്ഞ് ഇന്ന് ഏറെ വളർന്നിരിക്കുന്നു. അവളുടെ കൊച്ചുമക്കൾ വീണ്ടും ജാതി, മതം അഴിമതി രാഷ്ട്രീയം, തീവ്രവാദം തുടങ്ങിയ വിപത്തിലേക്കും അതുവഴി വീണ്ടും പാരതന്ത്ര്യത്തിലേക്കും നീങ്ങുന്നതിൻറെ ദു:സൂചനകൾ കാണുന്നിടത്ത് അങ്ങയെ പോലുള്ളവർ അതിർത്തിയിൽ ഇന്നും ഉറങ്ങാതിരിക്കുന്നത് ആർക്കു വേണ്ടി എന്ന് വേദന തോന്നിപ്പോകുന്നു. എങ്കിലും നല്ലത് മാത്രം പ്രതീക്ഷിക്കുന്നു. വന്ദേ മാതരം!

    മറുപടിഇല്ലാതാക്കൂ

  6. അതു സാരമില്ല. ടീച്ചറേ. കവിത ഇഷ്ടപ്പെട്ടതിൽ സന്തോഷം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. അര നൂറ്റാണ്ടുകാലമായിട്ടും,അന്നത്തെപ്പോലെ തന്നെ ഊര്‍ജ്ജദായകം,ഈ കവിത .ഇത് വായിക്കുന്നവരില്‍ പലരും ,ഇതെഴുതിയ കാലത്ത് ജനിച്ചിട്ടുപോലുമില്ല...കവിതയ്ക്ക് ഇന്നും 19 തന്നെ ...മധുസാറി നു അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശാന്തകുമാരി വിജയൻ, നന്ദി വായനയ്ക്കും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ