
വിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ
തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ
പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി
തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ
പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ
പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു
ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്തും ചേർന്നു
വന്നിതാ മണിയറവാതിലും തുറക്കുന്നു.
പോവുകെന്നനുജത്തീ വിരിയുംദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, തേൻകനി നുകരാനായ്
പഴുതേ പാഴാക്കാതെ നിമിഷം, കണ്ണീരൊപ്പൂ
പവിഴം ചൊരിയേണ്ട ചുണ്ടുകൾ ചുവപ്പിക്കൂ.
നീലനീൾമിഴികളിൽ ചേർക്കുക സുറുമ, നിൻ-
ലോലമാം കൈയിൽ മയിലാഞ്ചിയുമണിയുക
ഒക്കെയും കാണാൻ ദൈവം കണ്ണുകൾ തന്നില്ലെന്നാ-
ലുൾക്കണ്ണാൽ കാണ്മൂ സർവ്വം ദുർഭഗയാമീ ചേച്ചി
മിഥ്യയാം സങ്കല്പത്തിൻ മേഖലയേറിപ്പോകും
മദ്ധ്യാഹ്നമാണെൻ ജന്മമെന്നിരുന്നാലും പാഴിൽ
എന്തിനോ പ്രതീക്ഷതൻ കുമ്പിളുമായ് ഞാൻ നിന്നൂ
നൊന്തിടും ഹൃത്തിൽപൂത്ത പൂക്കളുമായന്നാളിൽ
മുറ്റത്തെ കണിക്കൊന്ന പൂത്തും ഹാ! കൊഴിഞ്ഞുമേ
മുപ്പതു സംവത്സരം മുന്നോട്ടു കടന്നുപോയ്
നിറയും കണ്ണീർത്തുള്ളിയിറ്റിറ്റുവീണീമണ്ണിൻ-
തറയിൽ കുറിച്ചെത്ര കഥകൾ, കവിതകൾ.
തകരും പ്രതീക്ഷകൾക്കൊപ്പമെന്നാത്മാവിൽ നീ
പകരും സമാശ്വാസമെന്നെ ജീവിപ്പിക്കുന്നു.
പോവുകെന്നനുജത്തീ വിരിയും ദാമ്പത്യത്തിൻ-
പൂവുകൾ കൊരുക്കാനായ്, ഭാവുകമേകുന്നൂ ഞാൻ.
എന്തു സുന്ദരം ഈ കവിത
മറുപടിഇല്ലാതാക്കൂലാളിത്യമേറിയ വരികള്‍
ആരാ ഈ കഥാപാത്രം?
ഓ.. വെറും ഭാവന മാത്രം.വായനയ്ക്കും അഭിപ്രായതിനും നന്ദി.
ഇല്ലാതാക്കൂവായിച്ചു. വേദനിച്ചു. നന്നായിട്ടുണ്ട്. നമ്മളുടെ മനസ്സിൽ നിൽക്കുന്ന കവിതകൾ എന്തോ വേദനിപ്പിക്കുന്ന കവിതകാളാണ്!
മറുപടിഇല്ലാതാക്കൂനന്ദി.സന്തോഷം.
ഇല്ലാതാക്കൂ