ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 27, ശനിയാഴ്‌ച

വിശ്വാസം, അതല്ലേ എല്ലാം !





"അച്ഛൻ വന്നേ..... അച്ഛൻ വന്നേ !"
 ഗായത്രി വറാന്തയിലും, മുറ്റത്തും തൊടിയിലും വിളിച്ചുകൂവിക്കൊണ്ടു നടന്നു.
മൂന്നു ദിവസത്തെ ട്രെയിൻ യാത്രാ ക്ഷീണം മുഖത്തുണ്ടെങ്കിലും മധു ചിരിച്ചുകൊണ്ട്‌ തന്റെ ഇളയ സന്താനം ഗോപനെ മടിയിൽ ചേർത്തു ചുംബിച്ചു.
"വരൂ എല്ലാം കുളി കഴിഞ്ഞ്‌"
ഭാര്യ വാതിൽക്കൽ നിന്നു വിളിച്ചു.
 നാളെ കഴിഞ്ഞു മറ്റന്നാൾ വിഷുവാണ്‌. ലീവ്‌  കറക്റ്റ്‌ ടൈമിന്‌ കിട്ടിയത്‌ ഭാഗ്യം.
കുളികഴിഞ്ഞ്‌  മക്കളോടൊപ്പം ഇരുന്ന്‌ സംതൃപ്തിയോടെ ഭക്ഷണം കഴിച്ചു. ഗായത്രി ഇപ്പൊ മൂന്നിലായി. ഗോപൻ യു.കെ.ജി. ബി യിലും. തന്റെ ട്രങ്ക്‌ പെട്ടി തുറന്ന്‌ മധു മക്കൾക്കുള്ള ഡ്രസ്സുകളും കളിക്കോപ്പുകളും ഭാര്യക്കു വാങ്ങിയ സാരിയും മറ്റും പുറത്തെടുത്തു. പെട്ടിയുടെ  അടിയിൽ വെച്ചിരുന്ന മിഠായിപ്പെട്ടി കൈക്കലാക്കി ഗായത്രി മോൾ പുറത്തേക്കോടി. പിറകെ ഗോപനും.  അവർ  തൊടിയിലെ മൂവാണ്ടൻ മാവിൻ ചോട്ടിലിരുന്നു. മിഠായികൾ എത്ര ആഹ്ലാദതോടെയാണ്‌ വായിലാക്കുന്നത്‌.
ആ മൂവാണ്ടൻ മാവോടാണ്‌ അച്ഛൻ തന്നെ ഒരു വിഷു ദിവസം കെട്ടിയിട്ടത്‌. പൊതിരെ തല്ലിയത്‌. ചെയ്ത അപരാധം കുറ്റകരം തന്നെ. കൂട്ടുകാരൻ തന്ന പടക്കം ഒളിപ്പിച്ചുകൊണ്ടുവന്നു അടുക്കളമുറ്റത്തു നിന്നു തീക്കൊളുത്തി. ഉച്ചത്തി
ലുള്ള ശബ്ദം കേട്ടാവണം അച്ഛനും അമ്മയും ഒക്കെ ഓടി എത്തിയത്‌. തനിക്ക്‌ തീക്കൊള്ളി തന്ന പാറുത്തള്ള കുറ്റ ബോധതൊടെ പേടിച്ചു വിറച്ച്‌ ചായ്പിന്റെ മൂലക്ക്‌ ഒളിച്ചു.
മേലാൽ പടക്കമോ വെടിമരുന്നു സാമഗ്രികളോ കൈകൊണ്ട്‌` തൊടില്ലെന്ന്‌ കുലദേവതയാണെ സത്യം ചെയ്ത ശേഷമാണ്‌ മൂവാണ്ടൻ മാവിൽ നിന്ന്‌ കെട്ടഴിച്ചത്‌.
അതിർത്തിയിൽ ഇരുപത്തിനാലു മണിക്കൂറും ശരീരത്തിൽ വെടിമരുന്നുമായി, ഹൃദയത്തിൽ തീക്കൊള്ളിയുമായി പട്ടാ‍ളക്കാരനായ താൻ കഴിഞ്ഞ കാര്യം പക്ഷെ ആ പരേതാത്മാക്കൾ അറിഞ്ഞു കാണില്ല.
"അച്ഛാ.. ഞങ്ങൾക്ക്‌ വിഷുവിന്‌പടക്കം വേണം. ചൈനീസ്‌ ബോമ്പ്‌, നിലച്ചക്രം, പൂക്കുറ്റി, കമ്പിത്തിരി ഒക്കെ വേണം."
മകൾ ഗായത്രി ആവശ്യപത്രിക സമർപ്പിച്ചു.
"മക്കളെ ഈ പൊട്ടുന്ന സാധനങ്ങളൊക്കെ അപകടകാരികളാണ്‌. നമുക്ക്‌ പൊട്ടാത്ത  കമ്പിത്തിരിയോ, പൂക്കുറ്റിയോ വേണേൽ വാങ്ങാം".
മക്കളുടെ മുഖം കറുത്തു.
"എന്നിട്ട്‌വിഷുദിവസം  നമുക്ക്‌ ഒരു സിനിമ കാണാൻ പോകാം."
 മക്കളുടെ മുഖത്ത്‌ നേരിയ പ്രകാശം പരക്കുന്നത്‌ അയാൾ ശ്രദ്ധിച്ചു.
വിഷുവിനു മുൻപ്‌ തന്നെ മറ്റു അനാദി സാധനങ്ങൾ, വെടിയുണ്ടയേക്കാൾ പൊള്ളുന്ന പച്ചക്കറികൾ എന്നിവയോടൊപ്പം മധു മക്കൾക്കായി പൊട്ടാത്ത ഇനമായ കമ്പിത്തിരി, നിലച്ചക്രം, പൂക്കുറ്റി ഒക്കെ വാങ്ങി.
രാത്രി ഉറക്കമൊഴിഞ്ഞ്‌ ഭാര്യ വിഷുക്കണി ഒരുക്കി.
അതിരാവിലെത്തന്നെ വിഷുക്കണി കാണാനായി തന്നെ തൊട്ടുണർത്തി.
പട്ടാളക്കാരന്റെ പരുക്കൻ കയ്യിൽ അവളുടെ മുഖകമലം ആദ്യ വിഷുക്കണിയായി. നാണം കൊണ്ടവൾ പുളഞ്ഞു.
താൻ വിഷുക്കണി കണ്ടശേഷം മക്കളെ സീനിയോറിറ്റി പ്രകാരം വിളിച്ചുണർത്തി കോടി വസ്ത്രം ഉടുപ്പിച്ചു വിഷുക്കണി കാണിച്ചു. എല്ലാവർക്കും താൻ കൈനീട്ടം നൽകി.
അടുത്ത ഇനം ഫയർ വർക്ക്സ്‌. നിലച്ചക്രങ്ങൾ ഓരോന്നായി  താനും മക്കളും കത്തിച്ചു. പൂക്കുറ്റിക്ക്‌ തീക്കൊളുത്തി. വിവിധ വർണ്ണത്തിലുള്ള ജലധാരപോലെ ഒരു അഗ്നിധാര. ഒടുവിൽ എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്‌ അത്‌ ബോമ്പ്‌ പൊട്ടുന്നതുപോലെ പൊട്ടുകയും ചെയ്തു.  ഇതെന്തു കഥ !.
കമ്പിത്തിരി കത്തിച്ച്‌ മക്കളുടെയും ഭാര്യയുടെയും കയ്യിൽ കൊടുത്തു. തീപ്പൊരികൊണ്ട്‌ സുദർശന ചക്രം സൃഷ്ടിക്കുകയായിരുന്നു അവർ.  പെട്ടെന്നാണ്‌ അത്‌ സംഭവിച്ച്ത്‌ ഗായത്രിയുടെ കയ്യിലെ കമ്പിത്തിരി പടർന്നു കത്തി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
മോളേ എന്ന്‌ വിളിച്ചു താൻ അവളെ കോരിയെടുത്തു. അവളുടെ ഉള്ളങ്കൈ പൊള്ളി വികൃതമായിരിക്കുന്നു.പച്ചവെള്ളം കോരി തണുപ്പിച്ച ശേഷം   ഉടനെ ആസ്പത്രിയിലേക്കു കുതിച്ചു.
കൈ പൊള്ളിയ ഉടനെ ഗായത്രി കമ്പി വലിച്ചെറിഞ്ഞതു കൊണ്ട്‌ രക്ഷപ്പെട്ടു. അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമാകുമായിരുന്നു.
"പടക്കം മാത്രമല്ല തീ ഉണ്ടാക്കുന്ന ഇത്തരം സാധനങ്ങളെല്ലാംതന്നെ നിരോധിക്കേണ്ടിയിരിക്കുന്നു."  മധു പറഞ്ഞു
"അതെ അതെ...  ഒന്നും വിശ്വസിക്കാൻ പറ്റില്ല." ഭാര്യയുടെ അഭിപ്രായം
രാത്രി ഗായത്രിമോൾക്ക്‌ ചോറുരുള വായിലിട്ടു കൊടുക്കുമ്പോൾ ചോദിച്ചു.
"മോൾക്ക്‌ അടുത്ത വിഷുവിനു പടക്കം വാങ്ങണോ?'
ഉ ഹും... ഉ ഹും... അവൾ നിഷേധഭാവത്തിൽ തലയാട്ടി.



10 അഭിപ്രായങ്ങൾ:

  1. സര്‍, പുതിയ കവിത പ്രതീക്ഷിച്ചാണ് നോക്കിയത് . കിട്ടിയതോ നല്ലൊരു കഥ. പട്ടാളക്കഥ ഇഷ്ട്ടമായി .വിഷു കഥ എന്നും പറയാം, അല്ലേ . അടുത്തത് ഒരു പട്ടാള കവിത ആകുമോ?...
    സ്നേഹനമസ്കാരം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ശാന്തകുമാരി. ഈ കഥ നേരത്തെ എഴുതണമെന്ന്‌ കരുതിയെങ്കിലും അസുഖം കാരണം ഇത്രയും വൈകി.

      ഇല്ലാതാക്കൂ
  2. കഥ വളരെ നന്നായി... പട്ടാള കഥകളും അനുഭവങ്ങളും ധാരാളം എഴുതാൻ കാണുമല്ലൊ,,,

    മറുപടിഇല്ലാതാക്കൂ
  3. ഈ വിഷുവിനു ചക്രം കത്തിക്കുമ്പോള്‍ പൊട്ടിത്തെറിച്ച ഒരു അനുഭവം എനിക്കുണ്ടായി . നല്ല കഥ മാഷേ.വൈകി കിട്ടിയ ഒരു വിഷുകൈനീട്ടം ആയി ഇത് സ്വീകക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി ഉദയപ്രഭൻ കഥ വായിച്ചതിനും അനുഭവം പങ്ക്‌ വെച്ചതിനും. അടുത്ത വിഷുവിന്‌ ശ്രദ്ധിക്കുമല്ലോ.

      ഇല്ലാതാക്കൂ
  4. നല്ല കഥ, മാഷേ.

    പടക്കം മാത്രമല്ല പൊട്ടിത്തെറിയ്ക്കുന്നത് എന്നത് വാസ്തവം തന്നെ. ഇത്തവണ വിഷുവിന് ഞങ്ങള്‍ വാങ്ങിയ "ചക്രം" ഒരെണ്ണം ഇതു പോലെ പൊട്ടിത്തെറിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഉദയപ്രഭന്‍ മാഷിനും സമാന അനുഭവം ഉണ്ടായി എന്ന കമന്റ് ഇപ്പോഴാണ് ശ്രദ്ധിച്ചത് :)

    മറുപടിഇല്ലാതാക്കൂ
  6. ജവാന്റെ കവിതയും , പട്ടാളക്കഥയും കാണാന്‍ വൈകി
    കഥ കൊള്ളാം മാഷേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചുമോൾ, ഇതിലെ വന്നതിൽ സന്തോഷം. വായിച്ച്‌ അഭിപ്രായം കുറിച്ചതിന്‌ നന്ദിയുണ്ട്‌.

      ഇല്ലാതാക്കൂ