ആകെ പേജ്‌കാഴ്‌ചകള്‍

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

പൂജ്യം


മംഗളം നേർന്നീടട്ടെ ചിങ്ങമേ, മലയാള-
മങ്കതൻ ചിലമ്പൊലി നിന്നിലൂടുയരട്ടെ.
നിൻ പുതു  കാൽ വെപ്പൊപ്പമാവട്ടെ, യുയരുവാൻ
വെമ്പുന്ന  യുവജനകോടിതൻ നെടുവീർപ്പും
ആശിച്ചു നിന്നോടൊപ്പം ചേരുവാൻ, പരിമളം
പൂശിടും തിരുവോണപ്പൂങ്കാവിലുലാത്തിടാൻ,
ആശപോൽ പുതുപൂക്കൾ കോർത്തൊരു ശ്രേഷ്ഠഭാഷാ-
മാല്യമാ തിരുമാറിൽ ചാർത്തുവാനെന്നാൽ കഷ്ടം
വീടങ്ങും, ചോറിങ്ങുമായ് കഴിവോരല്ലോ മറു-
നാടരാം ഞങ്ങൾ മലയാളികളറിഞ്ഞാലും.
മൊട്ടിടാറുണ്ടെൻ ശൂന്യഭാവനയിരുട്ടാണു
ചുറ്റിലുമെന്നാൽപ്പോലും വെളിച്ചം കണ്ടെത്തുന്നു
വറ്റാത്ത ചുടു കണ്ണുനീർക്കടൽ തന്നിൽ മുങ്ങി
മുത്തുകൾ കൊരുക്കാനും പവിഴം ചികയാനും
ആയിരം പ്രതികൂലവീചികളിരമ്പുന്നൊ-
രാഴിയിൽ നിസ്സങ്കോചമെൻ വഞ്ചിയിറക്കാനും
കെട്ടുപോയിടും താരാദീപിക നോക്കിത്തന്നെ
യക്കരെയപകടംകൂടാതെ എത്തീടാനും
ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
വറ്റുണ്ടു മാവേലിയെ സ്റ്റോറിലായ് പൂട്ടീടാനും,
ഓണമെന്നില്ലാതെന്നുമുയരുമോണത്തല്ലിൻ-
മേളവും പുലിക്കളിച്ചന്തവും കണ്ടീടാനും
മറ്റെങ്ങുകിട്ടും ഭാഗ്യം ! സോളാറിൻ വെളിച്ചത്തിൽ
കറ്റക്കാർകുഴലിമാർ നർത്തനമാടീടുമ്പോൾ
ഞാനെത്ര ധന്യൻ !  നിന്റെ പാദാരവിന്ദങ്ങളിൽ
ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !14 അഭിപ്രായങ്ങൾ:

 1. ചിങ്ങത്തിനെ വരവേറ്റതും, ഓണത്തിന്റെ ആഘോഷത്തിമിര്പ്പും എല്ലാം എല്ലാം വരച്ചു കാട്ടി. അതെ,

  വീടങ്ങും, ചോറിങ്ങുമായ് കഴിവോരല്ലോ മറു-
  നാടരാം ഞങ്ങൾ മലയാളികളറിഞ്ഞാലും.

  വാസ്തവം! പാടി പാടി അവസാനം രസകരമാക്കി അവസാനിപ്പിച്ചു. :)

  ആശംസകൾ, സർ.

  മറുപടിഇല്ലാതാക്കൂ
 2. അറ്റ്ലസ് രാമചന്ദ്രൻ അവർകൾ പറയുന്ന പോലെ, ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിനെ പുളകച്ചാർത്തണിയിച്ചു കൊണ്ട് പൊന്നിൻ ചിങ്ങം വരവായി.
  മക്കളേയും,പേരക്കുട്ടികളേയും ഏതാനും ദിവസങ്ങൾ കാണാൻ കിട്ടുമെന്നതിനാൽ,വാർദ്ധക്യത്തിന്റെ ഏകാന്തത്തുരുത്തുകളിൽ കഴിയുന്ന മാതാപിതാക്കൾക്കും,നാടിന്റെ ഗൃഹാതുരതയിലേക്കോടിയെത്താമെന്നതിനാൽ ചില ഭാഗ്യവാന്മാരായ പ്രവാസികൾക്കും,ഒരാഴ്ച്ചയോളം സർക്കാരിനെ സേവിക്കേണ്ടല്ലോയെന്ന സമാധാനത്തിൽസർക്കാർ ജീവനക്കാർക്കും,ബീവറേജസ് കോർപറേഷൻ തൂത്തുവാരിക്കോണ്ടുവരാൻ പോകുന്ന കോടികൾ,സോളാർച്ചൂട് ഓണനിലാവിലല്പം തണുക്കുമെന്ന പ്രതീക്ഷ എന്നിവയാൽ സർക്കാരിനും,പരസ്യവർഷത്തിനാൽ ചാനലു കാർക്കും ഓണം സന്തോഷത്തിന്റെ ദിനങ്ങളുമായണയാൻ പോകുന്നു.
  അല്ലാതെ ഓണമണയുന്നുവെന്നു കരുതി മാത്രം സന്തോഷിക്കുന്നവർ നാട്ടിൽ ചുരുക്കമാണെന്നു തോന്നുന്നു.ഉള്ളത് പ്രവാസ ലോകത്തായിരിക്കും.നനമയും,നിഷ്ക്കളങ്കതയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഒഴുക്കിൽപ്പെട്ട് ആഘോഷങ്ങളുടേയും,ആഘോഷിക്കുന്നവരുടേയും സത്യം നഷ്ടപ്പെടുന്ന ദയനീയമായ കാഴ്ച്ച കവി വരികളിലൂടെ കാട്ടിത്തരുന്നു.മനോഹരമായ രചന.ഇഷ്ടമായി.


  ശുഭാശംസകൾ സർ...

  മറുപടിഇല്ലാതാക്കൂ
 3. ഹൃദയസ്പര്‍ശിയായിരിക്കുന്നു കവിത.
  മാവേലിനാടിന്‍റെ ഇന്നത്തെ അവസ്ഥയില്‍ "ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !"
  ശക്തമായ വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഈ മനോഹരകവിതയിലെ അവസാനവരികള്‍ എനിക്കൊട്ടും രസിച്ചില്ല
  ആക്ഷേപഹാസ്യമാണെങ്കില്‍ ശരി. എന്നാല്‍ തുടക്കം ലക്ഷണത്തോടെയും ഒടുക്കം അവലക്ഷണത്തോടെയുമായത് യുക്തമായില്ല.

  എന്നാലും ഭംഗിയുണ്ടെന്നതില്‍ തര്‍ക്കവുമില്ല.

  മറുപടിഇല്ലാതാക്കൂ
 5. നിന്റെ പാദാരവിന്ദങ്ങളിൽ
  ചേലൊത്ത സവാളതൻ തൊലിയാൽ പൂജിക്കുന്നേൻ !

  സവോള കണി കാണാൻ ഇല്ലാത്ത , നേന്ത്രക്കായ ഇല്ലാത്ത ഓണമേ നിന്നെ വരവേൽപ്പൂ ഞാനും...

  മറുപടിഇല്ലാതാക്കൂ
 6. അജിത് സാര്‍ പറഞ്ഞ പായസത്തിലെ കല്ലുകടി എനിക്കും അനുഭവപ്പെട്ടു.....

  മറുപടിഇല്ലാതാക്കൂ
 7. കവിതയുടെ പേര് അവസാനം ഇട്ടതാണെന്ന് തോന്നുന്നു അവസാനം പേരിനു വേണ്ടി കവിത മുറിച്ചതാണോ? ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
  വറ്റുണ്ടു കഴിഞ്ഞിട്ടാണ് അനിഷ്ടങ്ങൾ കവിത പറഞ്ഞു തുടങ്ങിയത് പേര് അന്വർത്ഥം ആയതും
  എന്നിട്ടും അവസാനവരിയിലെ ആ ഉപമ പോലും കുറിക്കു കൊണ്ട് മനോഹരമായി
  ഓണം ഏതാനും വര്ഷങ്ങളായി ഇതുപോലെ ഒക്കെ തന്നെയല്ലേ അത് കൊണ്ട് ഓണം എന്നാൽ ആഘോഷിച്ചു വരുമ്പോൾ പൂജ്യം തന്നെ
  തൊടിയില നിന്ന് കയറി വരുന്ന ഓണം ചന്തയിൽ നിന്നും വന്നിരുന്ന ഓണം സൂപ്പെര് മാർക്കെട്ടുകളിൽ നിന്നും ഷോപ്പിംഗ്‌ മാളിൽ നിന്നും കടന്നു വരുമ്പോൾ സ്വാഭാവികമായും ഈ കവിത പറഞ്ഞത് സത്യം തന്നെ മനോഹരവും

  മറുപടിഇല്ലാതാക്കൂ
 8. കവിതയുടെ പേര് അവസാനം ഇട്ടതാണെന്ന് തോന്നുന്നു അവസാനം പേരിനു വേണ്ടി കവിത മുറിച്ചതാണോ? ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
  വറ്റുണ്ടു കഴിഞ്ഞിട്ടാണ് അനിഷ്ടങ്ങൾ കവിത പറഞ്ഞു തുടങ്ങിയത് പേര് അന്വർത്ഥം ആയതും
  എന്നിട്ടും അവസാനവരിയിലെ ആ ഉപമ പോലും കുറിക്കു കൊണ്ട് മനോഹരമായി
  ഓണം ഏതാനും വര്ഷങ്ങളായി ഇതുപോലെ ഒക്കെ തന്നെയല്ലേ അത് കൊണ്ട് ഓണം എന്നാൽ ആഘോഷിച്ചു വരുമ്പോൾ പൂജ്യം തന്നെ
  തൊടിയില നിന്ന് കയറി വരുന്ന ഓണം ചന്തയിൽ നിന്നും വന്നിരുന്ന ഓണം സൂപ്പെര് മാർക്കെട്ടുകളിൽ നിന്നും ഷോപ്പിംഗ്‌ മാളിൽ നിന്നും കടന്നു വരുമ്പോൾ സ്വാഭാവികമായും ഈ കവിത പറഞ്ഞത് സത്യം തന്നെ മനോഹരവും

  മറുപടിഇല്ലാതാക്കൂ
 9. സര്‍.വര്‍ത്തമാന കേരളത്തിന്‍റെ സകല വാര്‍ത്തകളും ഈ ചിങ്ങത്തിനോടൊപ്പം.കവിതയുടെ
  സൗന്ദര്യത്തിനു ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയും ഇഷ്ട്ടമായി വളരെ ..
  സ്നേഹ നമസ്ക്കാരം

  മറുപടിഇല്ലാതാക്കൂ
 10. ഉറ്റ ബന്ധുക്കൾക്കൊപ്പമിരുന്നിട്ടൊരു പിടി-
  വറ്റുണ്ടു മാവേലിയെ സ്റ്റോറിലായ് പൂട്ടീടാനും,


  മംഗളം നേർന്നീടട്ടെ
  അവസാനത്തെ നാല് വരിയിലെ ട്വിസ്റ്റ്‌ പെട്ടെന്നായിപ്പോയി!

  മറുപടിഇല്ലാതാക്കൂ
 11. അപാരേ കാവ്യസംസാരേ
  കവിരേവ പ്രജാപതി
  യഥാസ്മൈ രോചതേ വിശ്വം
  തഥേധം പരിവർത്തതേ

  മറുപടിഇല്ലാതാക്കൂ
 12. നല്ല വരികള്‍. ആക്ഷേപഹാസ്യവും കൊള്ളാം. എന്നാല്‍ എവിടെയോ ഒരു പൊരുത്തമില്ലായ്മ അനുഭവപ്പെടുന്നുണ്ട്‌. അജിത്‌ പറഞ്ഞത്‌ ഈ പൊരുത്തമില്ലായ്മയെക്കുറിച്ചാണെന്ന്‌ തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 13. നല്ല വരികള്‍. ആക്ഷേപഹാസ്യവും കൊള്ളാം. എന്നാല്‍ എവിടെയോ ഒരു പൊരുത്തമില്ലായ്മ അനുഭവപ്പെടുന്നുണ്ട്‌. അജിത്‌ പറഞ്ഞത്‌ ഈ പൊരുത്തമില്ലായ്മയെക്കുറിച്ചാണെന്ന്‌ തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ