ആകെ പേജ്‌കാഴ്‌ചകള്‍

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

അമ്മുവിന്റെ പൂക്കളം


എൻ മകൾ പൂപറിക്കാൻ പോയ് മണിക്കൂറി-
തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
മുറ്റത്തു മുല്ലയും, മല്ലികപ്പൂക്കളും
ഒത്തൊരുമിച്ചിതാ പുഞ്ചിരിപ്പൂ
തെച്ചിപ്പൂ വേണമൊരല്പം നടുവിലായ്
മെച്ചമായ് പൂക്കളം സജ്ജമാക്കാൻ
പൂതേടി കുന്നിൻ ചെരിവിലേക്കാണവൾ
പൂക്കളം പൂർത്തിയാക്കാതെയോടി
“അച്ഛനിന്നെത്തുമെൻ മുറ്റത്തപ്പോഴേക്കും
ഇഛപോൽ പൂക്കളം തീർത്തിടേണം”
ചൊന്നവൾ രാവിലെതന്നെയുത്സാഹമായ്
“അമ്മേ, ഞാൻ പൂക്കളം തീർത്തീടട്ടെ”
ചെന്നു ഞാൻ പ്രാതലൊരുക്കുവാനായ്, പ്രിയ-
നിന്നെത്തുമെന്ന പ്രതീക്ഷയോടെ.
   എൻ മകൾ പൂപറിക്കാൻപോയ് മണിക്കൂറി-
   തൊന്നു കഴിഞ്ഞല്ലൊ, വൈകിയല്ലോ
   കൂട്ടിനു കൂട്ടുവാനാളില്ല, ഞാനെന്റെ
   കുഞ്ഞിനെ തേടി പടിയിറങ്ങി
   കുന്നിൻ ചെരിവിലും, തെച്ചിപ്പടർപ്പിലും
   അമ്മുവെ കാണാതുഴറിനില്ക്കെ
   ഒന്നു ഞാൻ ഞെട്ടിയോ?, താഴെ കുഴിയതിൽ
   എന്മകൾ വീണുകിടക്കയല്ലോ.
   പാവാടതന്നിൽ ചിതറിക്കിടപ്പത്
   പൂവല്ല, ചോരതൻ തുള്ളിയല്ലോ.
   രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ
   കണ്ടതു നാളത്തെ വാർത്തയെന്നോ?
   മാവേലിനാടിന്റെ ദുർഗ്ഗതിയോ, പെണ്ണിൻ
   മാനത്തിനേറ്റതാം ശാപമെന്നോ?
   മണ്ണുപിളർന്നുടൻ സീതയെപ്പോലെ ഹാ !
   ഒന്നു ഞാൻ താഴോട്ടു താഴ്ന്നുവെങ്കിൽ !

11 അഭിപ്രായങ്ങൾ:

 1. സ്നേഹ വന്ദനം.
  സര്‍ കവിത വളരെ വളരെ നന്നായി .ഒരുപാട് ഇഷ്ട്ടംമായി കവിതയുടെ , അവസാനം...മാവേലി നാട്ടില്‍ നിന്നു പൊടുന്നനെ നില തെറ്റി ഒരു പാതാളത്തില്‍ വീണതുപോലെ ആയിപ്പോയി .നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ...കുറച്ചു വാക്കുകളില്‍ സര്‍ അത് വളരെ ഭംഗിയായി പറഞ്ഞു. സന്തോഷം.ഓണക്കവിതക്ക് സമ്മാനം ഓര്‍മയിലെ പൂക്കളങ്ങള്‍ ആവട്ടെ നന്ദി,

  മറുപടിഇല്ലാതാക്കൂ
 2. മാവേലിനാടൊക്കെ ഇനി സങ്കല്പം മാത്രം
  കവിത കാര്യം പറഞ്ഞുതരുന്നു ഭംഗിയില്‍!

  മറുപടിഇല്ലാതാക്കൂ
 3. ദൈവത്തിന്റെ സ്വന്തം നാടും,ദൈവത്തിനു നിരക്കാത്തതു മാത്രം ചെയ്യുന്ന കുറേ സമ്പൂർണ്ണ സാക്ഷരരും.!!

  കവിത, വേദനിപ്പിക്കുന്ന ചില സത്യങ്ങൾ തുറന്നു കാട്ടുന്നു.

  ശുഭാശംസകൾ സർ.....

  മറുപടിഇല്ലാതാക്കൂ
 4. എന്മകൾ വീണുകിടക്കയല്ലോ.
  പാവാടതന്നിൽ ചിതറിക്കിടപ്പത്
  പൂവല്ല, ചോരതൻ തുള്ളിയല്ലോ.
  രണ്ടുപേരോടിമറയുന്നു ദൂരെ, ഞാൻ....
  Enthellaam kaananam, enthellaam kelkkanam.

  Kavitha nannaayirikkunnu, Sir. Aashamsakal.

  മറുപടിഇല്ലാതാക്കൂ
 5. kandu ninnu parithapikkalle...odi akannavare kalapurikkayakku...oro achanum penmakkalkku kavalalayi teeratte..

  മറുപടിഇല്ലാതാക്കൂ
 6. മാവേലിയുടേ നാട്ടുരാജ്യത്തു മാത്രമല്ല ഭരതന്റെ രാജ്യത്തും ഇതു തന്നെ കഥ.
  കലികാലം തന്നെ മൂക്കത്തു വിരൽ വെയ്ക്കുന്നുണ്ടാവും.

  മറുപടിഇല്ലാതാക്കൂ
 7. പൂക്കളത്തിന്റെ മുറിവ് വല്ലാതെ വേദനിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 8. നല്ല കവിത..
  പൂപ്പാട്ടും പാടി ഒരു പൂമ്പാറ്റയായി ഓടി നടന്നു പൂ പറിക്കുന്ന മകളെ കാണാന്‍ സന്തോഷത്തോടെ വായിച്ചപ്പോള്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന വരികള്‍.
  ഇത് ഇന്നത്തെ മാവേലി നാട്ടിന്റെ നേര്‍ചിത്രം. എങ്ങനെ വിശ്വസിച്ചു മക്കളെ പുറത്തേക്കയക്കും?
  ആശംസകള്‍ മധു സര്‍

  മറുപടിഇല്ലാതാക്കൂ
 9. മനസ്സിനെ സ്പർശിക്കുന്ന വരികൾ. നന്മയുടെ തുമ്പപ്പൂ വെണ്മയിൽ നിർദ്ദയത ഒരിക്കലും ചോരപാടുകൾ വീഴ്ത്താതിരിക്കട്ടെ . നല്ലത് മാത്രം പ്രതീക്ഷിക്കാം സാർ. സാറിനും കുടുമ്പത്തിനും ഈ ശിഷ്യന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ!.

  മറുപടിഇല്ലാതാക്കൂ
 10. ശാന്തകുമാരി, അജിത്ത്‌, മുഹമ്മദ്‌, സൌഗന്ധികം, ഡോക്ടർ, നബിത, കലാവല്ലഭൻ, ബൈജു, നളിനകുമാരി, ഗിരീഷ്.. എല്ലാവർക്കും നന്ദി. ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ