ആകെ പേജ്‌കാഴ്‌ചകള്‍

2015, ജനുവരി 1, വ്യാഴാഴ്‌ച

പിറവി




ചെമ്പകപ്പൂക്കളിലന്തിയിലിന്നലെ
പൈമ്പാൽ പകരുവാനമ്പിളി വന്നില്ല
തൂമണം പൂശുവാൻ ചില്ലകുലുക്കുവാൻ
താരാട്ടുപാടുവാൻ തെന്നലും വന്നില്ല.

മൂകമാം രാവിന്റെ ഭീതിയിൽ കൂരിരുൾ
മൂടിപ്പുതച്ചുമയങ്ങുന്നു ഭൂമിയും
അക്കൂരിരുട്ടിൻ കരിമ്പടം കീറിയ
ദിക്കിലായ് താരകൾ നൂലുകൊരുക്കുന്നു

തെക്കുവടക്കു നടപ്പു ഞാൻ, കേൾപ്പൂ ഞ-
രക്കം, നെടുവീർപ്പു വാതിലിനപ്പുറം
ജീവൻ കൊടുക്കാൻ പിടയ്ക്കുന്ന സൃഷ്ടിതൻ
നോവിതാപൊങ്ങുന്നു, പേറ്റുനോവെന്നപോൽ

ചാരിയ വാതിൽപലക വിഭജിപ്പൂ
കൂരിരുളിങ്ങും പകലങ്ങുമെങ്കിലും
കാത്തിരുന്നീടും പ്രതീക്ഷയിൽ ഭാവനാ-
കാമുകനാം ഞാൻ വെളിച്ചം നുകരുന്നു.

തൈമണിത്തെന്നൽ വെൺചാമരം വീശുന്നു
പൂമണം പൂശുന്നു, പൂനിലാവെത്തുന്നു
ആടിയതെല്ലാം നടനമറിയാതെ
പാടിയതെല്ലാം മഹത്‌ഭാവഗീതകം !

കൂരിരുൾ പൊട്ടിത്തകർത്തു പുലരിയാം
ചോരക്കിടാവിൻ പിറവിനടക്കവെ
പേരിട്ടവൾക്കു കവിതയെന്നാനറും
താരിളം ചെങ്കവിൾ മുത്തിടും ഞാൻ കവി

അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ !

6 അഭിപ്രായങ്ങൾ:

  1. പിറവി നന്നായിരിയ്ക്കുന്നു. പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അമ്മിഞ്ഞനീട്ടും പ്രകൃത്യാംബതൻ മുഖ-
    ത്തുന്മേഷ വീചികൾ നർത്തനം ചെയ്യവെ
    ജീവചൈതന്യം തുടിക്കുന്നു ചുറ്റിലും
    രാവല്ല, തങ്കക്കതിരൊളിയെങ്ങുമേ ! Good. പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. .
    തങ്ക കതിരൊളി യെങ്ങുമേ....പുതുവത്സരമായി1
    നല്ല കവിത
    മധു സാറിനു നമസ്കാരം .

    മറുപടിഇല്ലാതാക്കൂ
  4. പുതുവര്ഷപ്പിറവി...നന്നായി ....!

    മറുപടിഇല്ലാതാക്കൂ
  5. കൂരിരുളില്‍ നിന്നു പിറവിയെടുത്ത പുലരിയെന്ന ചോരക്കുഞ്ഞ്...നല്ല ഉപമ...നല്ല ഭാവന. ഏറെ പേറ്റുനോവനുഭവിച്ച ശേഷം പിറവിയെടുക്കുന്ന മറ്റൊരു സൃഷ്ടി..കവിത. മനോഹരമായ വരികള്‍. പുതുവത്സരാശംസകള്‍

    മറുപടിഇല്ലാതാക്കൂ