ആകെ പേജ്‌കാഴ്‌ചകള്‍

2015, ഏപ്രിൽ 25, ശനിയാഴ്‌ച

അവകാശി


ആറടിമണ്ണിന്നവകാശികൾ നാമിന്നേറെ
വീറോടെയവകാശപ്പെട്ടതു വൃഥാവിലോ ?
ആദിവാസികളെന്നല്ലേതുജീവികൾക്കുമേ
മോദമോടിവിടത്തിൽ വാഴുവാനധികാരം !
ആരുടെ പിതൃസ്വത്തുമല്ലിതു, പ്രകൃതിതൻ
വാരുറ്റ കൈയാൽ തന്ന സൌജന്യമറിയുക.
പഞ്ചഭൂതങ്ങൾക്കേവമെങ്ങനെ മനുഷ്യന്റെ
വഞ്ചനാപരമായ സ്വാർത്ഥത നിരക്കുന്നു ?
വായു,വാകാശം, വെള്ള,മഗ്നിയെന്നതുപോലെ
ജീവികൾക്കവകാശപ്പെട്ടതാണീഭൂമിയും.
വേലികെട്ടിയോ, കരിങ്കല്ലിനാൽ മതിൽ കെട്ടി
വേർതിരിക്കുവാനില്ലൊരാൾക്കുമിന്നവകാശം.
കുന്നിടിക്കുവാൻ, മണലൂറ്റുവാൻ, പുഴയുടെ
മുന്നോട്ടെ ഗതിനിർത്തി മാലിന്യം നിക്ഷേപിക്കാൻ,
ഈ പരിസ്ഥിതി മാറ്റിമറിക്കാൻ, പ്രകൃതിതൻ
ശാദ്വലപ്രതലത്തിൻ ശാന്തത നശിപ്പിക്കാൻ
കാടിനെ നാടാക്കുവാൻ, കാട്ടിലെ മൃഗങ്ങളെ
വേട്ടയാടുവാൻ, നാട്ടുമൃഗമായ് മാറ്റീടുവാൻ
പുഴയിൽ വിഷംചേർക്കാൻ, കീടനാശിനികളാൽ
പഴവും ഫലങ്ങളും രോഗവാഹിനിയാക്കാൻ
ആരുവാൻ നല്കീ മർത്ത്യന്നനുവാദമിന്നോർത്താൽ
ക്രൂരതതന്നെയെല്ലാം, ഒക്കെയുമഹങ്കാരം !
എവിടെ കാട്ടാറുകൾ, കിളികൾ കപോതങ്ങൾ,
കവികൾ പുകഴ്ത്തുന്ന മോഹനമയൂരങ്ങൾ ?
എവിടെ കാട്ടാനകൾ, സിംഹങ്ങൾ, മുയലുകൾ,
ചെവികളടപ്പിക്കും ചീവീടിൻ മൂളിച്ചകൾ ?
കാട്ടിലെവാസം വിട്ടിട്ടഭയം തേടുന്നല്ലോ
വീട്ടിലെ മുറിക്കുള്ളിൽ രാജവെമ്പാലക്കൂട്ടം !
മണ്ണിനെ മലീമസമാക്കുന്ന മനുഷ്യന്റെ
കണ്ണുകൾ ദയാപൂർണ്ണമാകുവതെന്നാണാമോ ?
കണ്ണീരു വറ്റിക്കേഴും ഭൂമിതൻ നെടുവീർപ്പിൽ
വെണ്ണീറായ്മാറും ലോകം, കല്പാന്തമടുത്തുപോയ്.
ആറടിമണ്ണിന്നവകാശികളൊരിക്കലു-
മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം !
------------------------------
(2015- അന്താരാഷ്ട്ര മണ്ണ്‌ വർഷം)

8 അഭിപ്രായങ്ങൾ:

 1. അലക്ഷ്യമായ കുറെ വാശികള്‍ മാത്രമായിരിക്കുന്നു മനുഷ്യര്‍.
  കവിത ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി റാംജി. താങ്കൾ പറഞ്ഞത്‌ ശരിയാണ്‌.

   ഇല്ലാതാക്കൂ
 2. ആരുണ്ടിത് കേൾക്കാൻ ? പണത്തിനു പിറകെയുള്ള പരക്കം പാച്ചിലിൽ താൽക്കാലിക സുഖത്തിനായി പ്രകൃതിയെയും മണ്ണിനെയും നാം കൊല്ലുന്നു.
  നല്ല കവിത. ആശയവും രചനയും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ.

   ഇല്ലാതാക്കൂ
 3. മണ്ണാണ പ്പം ... അത് അറിയുന്നില്ല ,ആരും ,ഈ കവിത ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി . ആശയപുഷ്ട്ടിയുള്ള നല്ല കവിത

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി ശാന്തകുമാരി വിജയൻ.

   ഇല്ലാതാക്കൂ
 4. ആറടിമണ്ണിന്നവകാശികളൊരിക്കലു-
  മാവില്ല നമ്മൾ, പഞ്ചഭൂതത്തിൻ കണിക നാം ! Good...

  മറുപടിഇല്ലാതാക്കൂ
 5. നമ്മൾ പഞ്ചഭൂതത്തിൻ കണിക മാത്രം
  നല്ല ചിന്തകൾ

  മറുപടിഇല്ലാതാക്കൂ