ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 2, ശനിയാഴ്‌ച

സ്വപ്നഗംഗ


സാഹസമെന്നോതീടാം നിങ്ങളെൻ പരിശ്രമ-
മീ ഹിമാലയശൃംഗാരോഹണ മഹത്കർമ്മം
സാമോദമയവിറക്കുന്നു ഞാൻ ഹിമാലയ-
സാനുവിൻ മധുരാനുഭൂതികൾ! രഹസ്യങ്ങൾ!
നിശ്ചലതപം ചെയ്യും നഗ്നമാമലകളെ
വല്ക്കലമുടുപ്പിക്കും വെള്ളിമേഘത്തിൻ ചുണ്ടിൽ
മൊട്ടിട്ടുനില്ക്കും ഹാസം കണ്ടതാണല്ലോ വിശ്വാ-
മിത്രന്റെ തപോവനപ്രാന്തങ്ങൾ പണ്ടേതന്നെ.
കെട്ടിറക്കട്ടേ ഞാനീ ദിവ്യഭൂമിയിൽ, പൊക്കി-
ക്കെട്ടട്ടെ, പഴകിയൊരോർമ്മതൻ കൂടാരങ്ങൾ.
ഉഗ്രമാം മരുത്തിലും ഹിമവാഹിനിയുടെ
ശക്തമാമൊഴുക്കിലും പ്രകൃതിക്ഷോഭത്തിലും
അശ്രാന്തം ശിവനാമമോതി ഞാനൊരുവേള
വിശ്രമിക്കട്ടേ മോക്ഷകമ്പളങ്ങളും മൂടി

ചുറ്റിലുമിരുട്ടാണെന്നാകിലും കാണ്മൂ ദൂരെ
കത്തുന്ന തിരിയൊന്നെൻ മങ്ങിയ നയനങ്ങൾ
യതിതൻ കഥകളിലൂളമിട്ടുയർന്നെന്റെ
ഹൃദയം ഞൊടിനേരം മദ്ദളം മുഴക്കവെ
കേൾപ്പതുണ്ടൊരു വളക്കിലുക്കം, ചിലമ്പിട്ട കാല്പ്പെരുമാറ്റം
ലോലലോലമാമൊരുഗാനം
വന്നവൾ; സ്വരരാഗസുധയും സുദീപ്തിയും
ചിന്നിയെന്നിരുട്ടറ സ്വർഗ്ഗലോകമായ് മാറി.
“കവികൾ പുകഴ്ത്തുന്ന സൌഭാഗ്യത്തിടമ്പൊത്ത
കമനീമണിയാർനീ? എന്തുനിന്നഭിലാഷം?”
“പറയാം പരമാർത്ഥം, ഗംഗതൻ സഖി ഞാനെൻ
വിറയും കൈയാൽ നല്കും സന്ദേശം വായിച്ചാലും”
കൈനീട്ടി വാങ്ങി; നീർത്തി, മുന്നിൽ ഞാൻ കദനത്തിൻ
കൈരേഖപോൽ തോന്നിക്കും ഗംഗതൻ സന്ദേശത്തെ

“മനുജാ! കണ്ണീരിന്റെ കഥയാണല്ലോ നല്കാൻ
തുനിവൂ ഞാനങ്ങയ്ക്ക്‌ കാഴ്ചയായിവിടത്തിൽ.
ഗംഗയെ കേട്ടിട്ടില്ലേ? ഞാനവൾ വ്യഥയുടെ
തുംഗ ഗോപുരവാതില്പ്പടിയിൽ മയങ്ങുവോൾ
ഒന്നുവന്നെന്നെ കാണാൻ ദയയുണ്ടാമോ, പ്രേമ-
ഖിന്നയാമിവളുടെ കണ്ണുനീരൊപ്പീടാമോ?
പുഷ്ടയൌവ്വനമെന്റെ മാനസം മഥിക്കുന്നു
കെട്ടിയിട്ടിരിക്കുന്നു ശിവനെൻ സ്ത്രീത്വം സർവ്വം
വൃദ്ധനായ് ജരാനരബാധിതനായെന്നാലും
വിട്ടതില്ലെന്നെ കാമദഹനൻ, മഹാധമൻ!
എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?
വിടരാൻ കൊതിക്കുന്നൊരെന്റെ മോഹങ്ങൾക്കല്പം
മധുരം പകരുവാൻ മനുജാ കനിഞ്ഞാലും”

എന്നിലെ പുരുഷത്വമെന്തിനോ സടപൊക്കി 
നിന്നുപോയ് ഞൊടിയിട ഗംഗതൻ കത്തും നോക്കി.
“ഞാനിതാ വരുന്നെന്നു പറയൂ; നില്ക്കൂ! നീല
വാനിലേക്കുയരുന്നതെന്തു നീ സുരകന്യേ?
വീഴുന്നൂ ചിലങ്കകൾ, പൊന്മുത്തുവള, യര-
ഞ്ഞാണൂരി, യുടയാട കാറ്റിന്റെ കൈയ്യിൽ തങ്ങി.
ഭഗ്നമോഹങ്ങൾ തീർത്ത നിദ്രയിലൊഴുകുന്നു
സ്വപ്നഗംഗയും ഞാനുമൊരുപാൽനുരപോലെ!



3 അഭിപ്രായങ്ങൾ:

  1. എത്രനാൾ വാഴും ഞാനീ ജടതൻ കിളിക്കൂട്ടി-
    ലെത്രനാൾ സഹിക്കുമീ ദുസ്സഹ ദുർഗന്ധങ്ങൾ?>>>>>>>>>> ങ്ഹേ...!!

    അതിലോലലോലമായ മതവികാരങ്ങള്‍ പൊട്ടാന്‍ കാത്തുനില്‍ക്കുന്നുണ്ട് കേട്ടോ.

    (കവിത അതിമനോഹരം)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി എന്നല്ലേ?

      ഇല്ലാതാക്കൂ
  2. ഈ കവിത മനസ്സിലാകുന്നില്ല. സംസ്കൃത പരിജ്ഞാനം കുറവായതിനാലാവാം. ഒന്നു രണ്ടു തവണകൂടി വായിച്ചു നോക്കാം. ഏതായാലും നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ