ആകെ പേജ്‌കാഴ്‌ചകള്‍

2015, ജൂലൈ 1, ബുധനാഴ്‌ച

നമോവാകം


(ഡോ. സാമുവൽ ഹാനിമാനെ  ഡോക്ടേഴ്സ്‌ ദിനമായ ഇന്നു അനുസ്മരിച്ചുകൊണ്ട്‌ ഞാനെഴുതിയ കവിത. ഈ കവിതയുടെ “മ്യൂസിക്ക് വീഡിയോ ആല്ബം” കണ്ണൂർ ജില്ലാ കലക്ടർ പി. ബാലകിരൺ  I.A.S. ഹോമിയോ ഡോക്ടർമാരുടെ സമ്മേളനത്തിൽ  പ്രകാശനം ചെയ്തു.)

ഈശ്വര ചൈതന്യത്തിൻ തെളിമയിൽ ശാസ്ത്രീയതയുടെ തേജസ്സേ
ഞങ്ങൾ നമോവാകം ചൊല്ലട്ടെ, ജന്മം നിൻ കൃപയാൽ സഫലം
വിജ്ഞാനത്തിൻ പാരാവാരം ശാന്തമപാരം നീന്തീ നാം
ബൌദ്ധികമീ തേജസ്സിൻ ദീപ്തിയിൽ സാന്ത്വനമേകാനണയുന്നു.
കർമ്മപഥം തെളിയിച്ചിട്ടല്ലോ മുന്നോട്ടേക്കു നടപ്പൂ നാം
വർണ്ണസ്വപ്നം താലോലിക്കും സ്നേഹം മാത്രം പകരുന്നോർ
മുന്നിൽ വന്നുഴലുന്നൊരു ജീവനു രക്ഷകനായണയുന്നൂ നാം
ഒന്നിച്ചീ വൈദ്യത്തിൻ ശാസ്ത്രച്ചിറകു വിരുത്തീട്ടുയരുന്നു.
കരിയില്ലൊട്ടും നമ്മുടെ ചിറകുകൾ സൂര്യൻ കനലായ് നിന്നാലും
അലകടൽ തിരമാലകളാൽ നമ്മുടെ തൂവൽ നനക്കാൻ വന്നാലും
അതിശക്തം തന്മാത്രകൾ കാട്ടും പൊരുളായറിവായുയരും നാം
അതിനില്ലൊട്ടും സംശയമറിയുക പൊരുതും നമ്മൾ മരിപ്പോളം
അറിവിൻ പാല്ക്കടൽ മഥനം ചെയ്തിട്ടല്ലോ നേടീ സാന്ത്വനമാ-
മമൃതിൻ കുംഭം ദിവ്യൌഷധിയായ് സുഖദായിനിയായെന്നും നാം
പകരൂ കഴിവുകൾ പുണ്യാക്ഷരിയായെഴുതാനൌഷധമോരോന്നും
കടലാസ്സിൽ വിരിയട്ടെ മുല്ലപ്പൂപോൽ നമ്മുടെ കുറിമാനം
പകരട്ടെ നറുപരിമളമെങ്ങും പൂങ്കാവനമായ് മാറട്ടെ
അകലട്ടെ ദുർഗന്ധം രോഗഗ്രസിതർ വിമോചിതരാവട്ടെ
കയറട്ടെ നവവിജ്ഞാനത്തിൻപടവുകൾ കാലിടറാതെ നാം
ഉയരട്ടെ ഉണർവിൻ ബോധതലം അകലട്ടെ അജ്ഞാനതമം
ഡോക്ടർ ഹാനിമാൻ നല്കിയ കൈത്തിരിയണയാതല്ലോ സൂക്ഷിപ്പൂ
നീട്ടുക തെളിയിച്ചീടുക നിരവധി ദീപിക നമ്മൾ തുടർച്ചക്കാർ
കൂപ്പുക കൈ ഹൃദയത്തിൽ തൊട്ടു നമിക്കുക, ഗുരുവിൻ കാരുണ്യം
കൂടെയെന്നും ദിശ കാട്ടട്ടെ ദീപസ്തംഭം പോൽ മുന്നിൽ
ഇന്നീ യാത്രയിലോർമ്മിപ്പൂ നാമേകകുടുംബക്കാരേപ്പോൽ
നിൻ ചൈതന്യം സർവ്വസുഖങ്ങളുമേകീടട്ടെ നേർവഴിയിൽ.
---------------------------------------------------------------------------


6 അഭിപ്രായങ്ങൾ:

  1. മനോഹരമായ അനുസ്മരണാഗീതം.

    മറുപടിഇല്ലാതാക്കൂ
  2. രോഗിയും അയാളുടെ വേണ്ടപ്പെട്ടവരും ഒരു ഭിഷഗ്വരനെ എങ്ങനെ പരിഗണിക്കുന്നു അല്ലെങ്കിൽ ഭിഷഗ്വരൻ തിരിച്ച് അവരെ എങ്ങനെ പരിഗണിക്കേണ്ടിയിരിക്കുന്നു എന്നത് ഈ കവിതയുടെ ആദ്യ വരിയിൽത്തന്നെയുണ്ട്. മേല്പ്പറഞ്ഞ പോലൊരു ബൃഹദ്സദസ്സിനു മുമ്പാകെ ഇതിന്റെ ദൃശ്യരൂപം അവതരിപ്പിക്കപ്പെട്ടു എന്നത് ഈ കവിതയ്ക്കുള്ള പ്രസക്തിയുടെ സാക്ഷിപത്രം തന്നെയായി മാറുന്നു. ഇഷ്ടം. സന്തോഷം.


    ഭിഷഗ്വരനും രോഗവുമൊക്കെ പ്രതിപാദ്യ വിഷയമായി വന്നതു കൊണ്ടു തന്നെ ചോദിക്കട്ടെ; കണ്ണിനെങ്ങനെയുണ്ടിപ്പൊ ? പൊതുവിൽ സുഖമെന്നു തന്നെ കരുതുന്നു. സൗഖ്യം നേരുന്നു.

    ശുഭാശംസകൾ സർ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സൌഗന്ധികം. രണ്ടു കണ്ണിനും കാറ്ററാക്റ്റ്‌ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ കുഴപ്പമില്ല.

      ഇല്ലാതാക്കൂ