ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 19, ചൊവ്വാഴ്ച

അരുണം
മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ
മനവുമുടലും സദാ കാരാഗൃഹത്തിലായ്
കരുണവധമില്ലാതെ പരലോകമണയുന്ന
അരുണയൊരു നോവായി നൊമ്പരപ്പൂവായി.

വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ
വനികയിതിൽ മേവവെ വന്നുവോ കശ്മലൻ
അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം
മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ

വിധിവിഹിതമായിടാമെന്നു നീയോർത്തതി-
ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ്
മനുജസംസേവനം ദീനർതൻ വേദന-
യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം

കപടതയറിഞ്ഞിടാതുള്ള നീ വീണുപോ-
യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ
മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ്
വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ്

അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
തവനെന്ന നീചനാം നായാടിയെങ്കിലും
ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം
കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം
ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി
ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

13 അഭിപ്രായങ്ങൾ:

 1. അരുണയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.
  ഹൃദയസ്പർശിയായ വരികൾ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജ്യുവൽ, വായനയ്ക്കും അഭിപ്രായത്തിനും.

   ഇല്ലാതാക്കൂ
 2. ഈ വാർത്ത ടി വി യിൽ കണ്ടതു മുതൽ മനസ് വല്ലാതെ അശാന്തമാണ്‌. എല്ലാത്തിനോടും പ്രതിക്ഷേധവും പുച്ഛവും തോന്നുന്നു. പ്രത്യേകിച്ചും നമ്മുടെ നിയമവ്യവസ്ഥകളോട്. കുറ്റവാളികളുടെ മനുഷ്യാവകാശം മാത്രം പരിപാലിക്കുന്ന നെറി കെട്ട നിയമത്തിന് ആര് മണി കെട്ടും?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. മനസ്സിന്റെ അശാന്തിതന്നെയാണ്‌ എന്നെ ഈ കവിത കുറിക്കാൻ പ്രേരിപ്പിച്ചതും. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ഗിരിജ ടീച്ചർ

   ഇല്ലാതാക്കൂ
 3. നല്ല വരികള്..
  ആ ആത്മാവിന് ശാന്തി ലഭിക്കാനായ് പ്രാ൪ത്ഥിക്കാം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുബാറക്ക്, ഈ ആദ്യവരവിനു നന്ദി. അതെ, നമുക്കു പ്രാർത്ഥിക്കാം.

   ഇല്ലാതാക്കൂ
 4. ഈശന്റെ കോടതിയില്‍ തക്കശിക്ഷ

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായൊരു കവിത.
  അരുണയുടെ ജീവിതം ഭംഗിയായി പകർത്തി. അത് ഹൃദയത്തെ തൊട്ടുണർത്തുകയും ചെയ്തു. തരുമതിനുള്ള ശിക്ഷ..... തരും എന്നതിന് പകരം കൊടുക്കും എന്നായിരുന്നു യോജിച്ചത്.
  ആശയം സുന്ദരമായ ഭാഷയിൽ കവിതയായി വന്നു. ഒന്ന് കൂടി പറയാം നല്ലൊരു കവിത എന്ന്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ബിപിൻ

   ഇല്ലാതാക്കൂ
 6. അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി-
  തവനെന്ന നീചനാം നായാടിയെങ്കിലും
  ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി
  തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ

  കുറ്റങ്ങള്‍ക്കെല്ലാം ദൈവം ശിക്ഷിക്കും എന്നതൊരു രക്ഷപ്പെടലല്ലേ സാര്‍. ഈ നിലപാടിനോട്‌ എനിക്ക്‌ യോജിക്കാന്‍ കഴിയുന്നില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ

  1. തീർച്ചയായും. ഒരു വിശ്വാസം മാത്രം. എനിക്കോ താങ്കൾക്കോ ശിക്ഷ നല്കാൻ സാധിക്കുകയില്ലല്ലൊ ! വെറുതെയല്ല നീതിദേവതയുടെ കണ്ണ്‌ സദാ കെട്ടിയിട്ടിരിക്കുന്നത്‌ !

   ഇല്ലാതാക്കൂ
 7. വായിക്കുമ്പോഴും ചിന്തിക്കുമ്പോഴും ആകെയൊരു അസ്വസ്ഥത,, മനസ്സ് പതറുന്നു,, എന്തൊരു ദുരന്തം.

  മറുപടിഇല്ലാതാക്കൂ