ആകെ പേജ്‌കാഴ്‌ചകള്‍

44,363

2017, നവംബർ 11, ശനിയാഴ്‌ച

വെള്ളിക്കമ്പികൾ




തൂലികത്തുമ്പാൽ ഭാവഗാനങ്ങൾ കുറിക്കുവാൻ
ചേലിലീ കവിയുടെ ചേതന തുടിക്കവേ
മുന്നിലായ് കിടക്കുന്നു ഭാവനാശകലങ്ങൾ
ചിന്നിയും ചിതറിയുമന്തിവിൺമേഘംപോലെ
കൈവിരലലസമെൻ തലനാരിഴകളിൽ
സ്വൈര്യം സഞ്ചരിക്കവേ ചിന്തകളുണരവേ
വെള്ളിപൂശിയൊരെന്റെ ശിരസ്സു കാണുന്നേരം
കള്ളപ്പുഞ്ചിരിയെത്തി തോഴർതൻചുണ്ടിൽ വീണ്ടും
അവർതൻ ചുരുൾകരിങ്കൂന്തലിൻ പരിമള-
മിവിടം മുഴുവനും പൂന്തോപ്പായ്മാറ്റീടുമ്പോൾ
എൻമുടിയവയ്ക്കൊരു മുള്ളുവേലിയുണ്ടാക്കാൻ
മിന്നുന്ന വെള്ളിക്കമ്പിമുള്ളുകളൊരുക്കുന്നു
കേവലം ചിരിക്കട്ടെ ചുറ്റിലും സുഹൃത്തുക്കൾ
യൌവനം വാടാതിന്നും സൂക്ഷിക്കും ചെറുപ്പക്കാർ
കൂടുതൽ ചിന്തിക്കാതെ, നോവാതെ, ജീവത് സൌഖ്യം
നേടുവാൻ കഴിവുള്ള ഭാഗ്യവാന്മാരാണവർ
ഇല്ലെനിക്കല്ലൽ തെല്ലും ഞാനെന്റെ പിതാമഹർ
ചൊല്ലിയ മൊഴികളിലാശ്വാസം കണ്ടെത്തുന്നു
അവർതൻ കഴിവുകളവർതൻയശസ്സുക-
ളവർതന്നജയ്യമാം വ്യക്തിത്വമിവയെല്ലാം
എന്നിലേക്കൊഴുകട്ടെ, നരമൂടുമെന്മുടി
മിന്നുന്നിതഭിമാനരശ്മികൾ ചൊരിയുന്നു.

3 അഭിപ്രായങ്ങൾ: