ആകെ പേജ്‌കാഴ്‌ചകള്‍

2018, നവംബർ 12, തിങ്കളാഴ്‌ച

പനിനീർപ്പൂവ്
ഇല്ലെനിക്കൊട്ടും മോഹം പല്ലുകൾകാട്ടും മുല്ല-

വല്ലരിതാലോലിക്കാൻ, പൂചൂടാൻ, സമ്മാനിക്കാൻ.

വല്ലായ്മവേണ്ടിന്നാർക്കുമീസുമഹാസംവിട്ടു

ഫുല്ലമാം പനിനീരിൻകവിളിൽ ചുംബിപ്പൂ ഞാൻ

കൈയുകൾ മലർത്തിതൈത്തെന്നലിലുലഞ്ഞാടി

കൈതവസ്മിതത്തോടെ മുല്ലേ നീ ചിരിക്കുമ്പോൾ

വേദനിക്കുന്നെൻനെഞ്ചം തൂവെള്ളപ്പട്ടാടയാൽ

മൂടിയതാണോ നിന്റെ ക്രൂരമാംഹൃദയവും?

ചക്കരത്തേന്മാമ്പഴം നുകരാൻതരും മാവിൻ-

ചോട്ടിലാരുടെ കൈകൾ നിന്നെ നട്ടിരുന്നിടാം?

അഥവാ ജന്മസ്ഥലമില്ലാത്ത നീ ചൊന്നേക്കാ-

മിവിടംതന്നെയാണെൻ പുണ്യമാതാവിൻഭൂവും

വളർന്നുവളർന്നു നീ പച്ചപ്പഞ്ചാരച്ചിരി

പകർന്നീ തേന്മാവിന്റെയുടലിൽ ചുറ്റിച്ചുറ്റി

കട്ടുറുമ്പുകൾക്കുള്ളൊരേണിയായ്നിന്നു, കൈകൾ

നീട്ടിമാടുന്നുപാന്ഥാ! മാമ്പഴം നുകർന്നാലും

ഇല്ലില്ല, വല്ലാത്തൊരാപുഞ്ചിരിതൂകിത്തൂകി

കൊല്ലുകയല്ലേ നീയാതേന്മാവിന്നൌദാര്യത്തെ

ചെമ്പനീർപ്പൂവിൻമുഗ്ധഹാസം നിൻപൈശാചിക-

മന്ദഹാസത്തിന്നിന്നു വൈരുദ്ധ്യമായിത്തോന്നാം

കൈകളിലാദ്യം മുള്ളുതട്ടുന്നു, ചോരത്തുള്ളി-

യിറ്റുന്നു,പിന്നെ..പിന്നെ..സുഗന്ധംപരക്കുന്നു

ഹൃദയംതുറന്നെല്ലാം കാണിക്കവെക്കും പുത്തൻ

പനിനീർപ്പൂവെ പുല്കാൻ വെമ്പുന്നു ഞാനെന്നാളും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ