ആകെ പേജ്‌കാഴ്‌ചകള്‍

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

കൈനീട്ടം



മുറ്റത്തെ കണിക്കൊന്നമൊട്ടുകൾ വിരിഞ്ഞല്ലോ
മുത്തമിട്ടല്ലോ മീനമാസത്തെ ചുടുതെന്നൽ !
"എന്തിത്ര നേരത്തേ നീ മന്ദഹാസവുമായി
വന്നെത്തി ?"  വിഷുപ്പക്ഷി ചോദിച്ചു ഭയത്തോടെ
പൊന്നിന്‌ വിലകൂടി, മേടമാകുമ്പോഴേക്കും
ഉന്നതമാകും വിലയെന്നു നീ നിരൂപിച്ചോ,
മണ്ണിനു മണിത്താലി നേരത്തേ ചാർത്തീ ? , ദൂരെ
വിണ്ണിലെ പെണ്ണിന്നപ്പോൾ തുടുത്തോ കവിളുകൾ ?
കാവ്യസമ്പത്താൽ ധന്യമാകിയ മലയാള-
കന്യയ്ക്കു ചാർത്താൻ കാവ്യഹാരങ്ങളില്ലാതാമോ
ഒരുഗ്രാം തങ്കം കൊണ്ടുതീർത്തുള്ള പൂശുമാല
കവികൾ ചാർത്തിക്കുന്നു ? മോഹനമെന്നോതുന്നു ?
അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...
തന്റെ തെറ്റുകൾ സ്വയം തിരുത്താൻ ശ്രമിക്കാതെ
അന്യന്റെ രചനയെ വധിക്കാനൊരുങ്ങുന്നു...
താനാണ്‌ കവിസാർവ്വഭൗമനെന്നകതാരിൽ
തോന്നുവതപകടം, മാത്രമോ ലജ്ജാവഹം !
ലജ്ജിക്ക മലയാളനാടേ നിൻ പ്രിയമക്ക-
ളൊക്കെയും 'കപി'കളായ്‌ മാറുവതയ്യോ കഷ്ടം !
അർത്ഥശൂന്യമീ യാത്ര, ഓർക്കുകിലെല്ലാംതന്നെ
വ്യർത്ഥമെന്നോതും വിഷുപ്പക്ഷിയെ അമ്പെയ്തീടാൻ
വ്യഗ്രത കാട്ടും വ്യാധൻ കുലയ്ക്കും വില്ലിൻ ഞാണിൽ
മുത്തമിട്ടൊരു വീണാനാദമെന്നുയർന്നിടും ?
ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
"ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

18 അഭിപ്രായങ്ങൾ:

  1. അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
    വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...
    തന്റെ തെറ്റുകൾ സ്വയം തിരുത്താൻ ശ്രമിക്കാതെ
    അന്യന്റെ രചനയെ വധിക്കാനൊരുങ്ങുന്നു...
    താനാണ്‌ കവിസാർവ്വഭൗമനെന്നകതാരിൽ
    തോന്നുവതപകടം, മാത്രമോ ലജ്ജാവഹം !
    ....
    ഹാ ഹാ ഹാ വിഷു ചിന്തകള് ഉഗ്രമായി. വിഷുപ്പുലരിയിൽ നല്ല ഭാവത്തോടെ, നല്ല ചിന്തകളോടെ, നല്ല ''കണി''യോടെ ലോകം കാണുക; സ്വയം അഭിമാനിക്കുക; അഹങ്കരിക്കരുത്. സന്തോഷമായി, നന്ദി സർ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. ആദ്യംതന്നെ വന്ന്‌ അഭിപ്രായം കുറിച്ചതിന്‌ നന്ദി ഡോക്ടർ. ഈ കൈനീട്ടം സസന്തോഷം സ്വീകരിച്ചിരിക്കുന്നു

      ഇല്ലാതാക്കൂ
  2. മകരത്തിലും , കുംഭത്തിലും കൊന്ന പൂത്തുതുടങ്ങിയാൽ പിന്നെ മേടത്തിൽ ബട്ടണ്‍ അമർത്തിയേ കണികാണാൻ പറ്റൂ .........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നിധീഷ്‌, ഇപ്പോൾ എല്ലാം കാലം തെറ്റിയല്ലേ കാണുന്നത്‌. മനുഷ്യരുടെ ജീവിതവും അങ്ങിനെയായിരിക്കുന്നു.

      ഇല്ലാതാക്കൂ


  3. മധു സര്‍ ,
    കാലോചിതമായ കവിത .
    വിഷു കൈനീട്ടം ആയി സ്വീകരിക്കുന്നു
    ഗുരുനാഥന്‍ വന്നു ചെവിക്കു പിടിക്കുമ്പോലെ എനിക്കും തോന്നിയല്ലോ
    അക്ഷരം .തിരിയാത്ത ഞാനും കവിത എഴുതുന്നു ! .വിഷു പ്പക്ഷി യെവിടെ?
    തൊടികളില്‍ മാവും മരവുമെല്ലാം മ ഴുവിനിരയായി ..എങ്കിലും ..ആ കിളിനാദം
    തിരികെ വരാതിരിക്കില്ല അല്ലേ സര്‍,.

    സ്നേഹ നമസ്കാരം.





    .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ശാന്തകുമാരി. പൊതുവായ കാഴ്ചപ്പാട്‌ മാത്രമാണ്‌ ഞാൻ സൂചിപ്പിച്ചത്‌. തീർച്ചയായും എല്ലാറ്റിനും ഒരു മാറ്റം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുക.

      ഇല്ലാതാക്കൂ
  4. ആര്ക്കോയിട്ട് വെച്ചതാണന്നു മനസ്സിലായി. വളരെ സംഗീതാത്മകമായി വായിച്ചു വന്നതായിരുന്നു. പക്ഷേ കലിപ്പ് തീര്ക്കുന്നതിനിടയില് ഇടക്കുവെച്ചത് നഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ


    1. നന്ദി അനുരാജ്‌. സംഗീതാത്മകത നഷ്ടപ്പെട്ടെന്നു തോന്നിയതിൽ ദു:ഖമുണ്ട്‌. അത്രമാത്രം നഷ്ടപ്പെട്ടോ? ഒരുപക്ഷെ, അത്‌ "താരാട്ട്‌" വായിച്ചതുകൊണ്ടാവാം

      ഇല്ലാതാക്കൂ
  5. ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
    വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
    "ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
    ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."


    കൊന്നപൂവും,ഓണപ്പൂക്കളവുമൊക്കെ ഇങ്ങനെ ബട്ടണമർത്തിക്കാണേണ്ട ഗതികേടായിരിക്കുന്നു.പുതിയ കാലത്തിന്റെ,നന്മയറ്റ ആഘോഷ സംസ്ക്കാരങ്ങൾ നന്നായി ചിത്രീകരിച്ചു.പിന്നെ, ആർക്കോ നേരെ  ചില ഒളിയമ്പുകളും..
    കൊള്ളേണ്ടതാണെങ്കിൽ കൃത്യമായിത്തന്നെ കൊള്ളട്ടെ.
      
    ശുഭാശംസകൾ സർ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സൗഗന്ധികം. ബട്ടനുപകരം, ടച്ച്‌ സ്ക്രീനോ, ഐ കോണ്ടാക്റ്റോ വോയ്സ്‌ ഓപറേറ്റഡൊ ഒക്കെ ആയേക്കാം.

      ഇല്ലാതാക്കൂ
  6. ഈ വിഷുക്കണിക്കൂട്ടില്‍ നേരിയ രോഷത്തിന്റെ
    വേവുരുക്കവും കവി കാഴ്ച്ചവയ്ക്കുവാന്‍ നോക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമായ്‌ പറയേണ്ട കാര്യങ്ങൾ പറയുമ്പോൾ
      ഉച്ചത്തിലുറികൂടി ചിരിക്കും; ചിരിക്കട്ടെ !

      ഇല്ലാതാക്കൂ
  7. ഇപ്പോൾ ഓണത്തിനും കണിക്കൊന്ന പൂത്തിരുന്നതായി കണ്ടിട്ടുണ്ട്. കാലം തലതിരിഞ്ഞുപോയോ? കവിത നന്നായി...

    മറുപടിഇല്ലാതാക്കൂ
  8. അക്ഷരം തെറ്റില്ലാതെ എഴുതാൻ പഠിക്കാത്തോർ
    വിശ്രുത മഹാകവിയെന്നല്ലോ നിനയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ

  9. "ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
    ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

    സുഖമായി ഇരുന്നു മനസ്സ് കുളിര്ക്കെ വായിച്ചു

    ഈ കവിത എത്ര മനോഹരം !

    നന്ദി സർ ഇത്ര നല്ല കവിത വായിക്കാൻ തന്നതിനു.


    മറുപടിഇല്ലാതാക്കൂ

  10. മിനി ടീച്ചർ, കലാവല്ലഭൻ, നളിന കുമാരി. അഭിപ്രായം വായിച്ചു. സന്തോഷം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. പ്രിയ മാഷെ,

    വിഷു ആശംസകൾ !

    "ആരൊരുക്കീടും വിഷുക്കണിയെന്നകത്തളം
    വേവുമ്പോൾ, ചിരിതൂകി ചൊല്ലുന്നു ടിവി ചാനൽ:
    "ചാരിയീക്കസേരയിലിരിക്കൂ സഖേ ! നാടിൻ
    ചാരുദൃശ്യങ്ങൾ കാണാൻ ബട്ടനൊന്നമർത്തുക."

    കവിത വളരെ ഇഷ്ടമായി.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    മറുപടിഇല്ലാതാക്കൂ