ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 5, ചൊവ്വാഴ്ച

കുഞ്ചൻ ദിനം

കുഞ്ചൻ ദിനം

പുഞ്ചിരിയില്ലാ ലോകം കാൺകേ,
വഞ്ചന ചുറ്റും വലകൾ വിരിക്കേ,
പഞ്ചാരച്ചിരി തൂകിത്തൂകി
തഞ്ചം നോക്കി കത്തി കഴുത്തിൽ
ഇഞ്ചിഞ്ചായി താഴ്ത്തും നാട്ടിൽ
കുഞ്ചൻ ദിനമിതു ചിന്തിച്ചിട്ടി-
ന്നഞ്ചോ പത്തോ വരികൾ കുറിക്കാൻ
വന്നൂ ഞാനൊട്ടിവിടെയിരിക്കെ
എന്നെ വിളിപ്പൂ ചിരിയുടെ ലോകം.
ഒന്നിനുമിപ്പോൾ സമയം പോരാ
എന്നിട്ടല്ലേ ചിരിയുടെ കാര്യം?
വീട്ടിലുമില്ല, നാട്ടിലുമില്ല
പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
എല്ലാവർക്കും ധൃതിയാണിപ്പോൾ
വല്ലാതുള്ളൊരു ലോകം തന്നെ.
ടീവീ സീരിയലൊക്കെ കോമഡി-
ഷോവായ് ഹാസ്യം കാട്ടീടുകിലും
കുഞ്ചൻ നല്കിയ ഹാസ്യം വഴിയും
പുഞ്ചിരി തീരേ കാണ്മാനില്ല
തുള്ളല്ക്കളിതൻ രൂപം മാറി
തുള്ളിക്കളിയായ് വേദിയിലെത്തി
എള്ളോളം ചിരി പകരാൻ നമ്മുടെ
തുള്ളല്ക്കാരനു കഴിയുന്നില്ല
മർമ്മം തന്നിൽ കൊണ്ടീടുന്നൊരു
നർമ്മവുമെങ്ങും കാണ്മാനില്ല
ഇതിലും ഭേദം നിയമസമാജികർ
പതിവായ് കാട്ടും കോപ്രായങ്ങൾ!
കുഞ്ചാ ! നല്കുക മാപ്പീ കലയുടെ
നെഞ്ചു പിളർക്കും ദ്രോഹികളെങ്ങും !


14 അഭിപ്രായങ്ങൾ:

 1. എല്ലായിടത്തുനിന്നും പടിയിറങ്ങിപ്പോയത് തുള്ളലില്‍ മാത്രം എങ്ങനെ അവശേഷിക്കും! കവിത സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷം. നന്ദി അജിത്ത്‌

  മറുപടിഇല്ലാതാക്കൂ
 3. ഇന്നാണെങ്കിൽ ഫ്ലാറ്റ് ലഭിക്കാൻ
  തുള്ളിത്തുള്ളി നടന്നേനെ നീ!
  യുവജന ഉത്സവ സീസണിലല്ലാ-
  തിവിടെക്കലകൾ കാണ്മാനില്ല!

  നർമ്മത്തിന്റെ നിർവചനം ഹാ!
  തല കീഴായി മറിഞ്ഞു കിടപ്പൂ!
  പണ്ടേ വന്നു പിറന്നത്‌ കുഞ്ചാ
  ബഹുഭാഗ്യം എന്നേ പറയേണ്ടൂ!

  മറുപടിഇല്ലാതാക്കൂ
 4. വായനയ്ക്കും അഭിപ്രായത്തിനും തുള്ളൽ കവിതയ്ക്കും നന്ദി കൊച്ചു ഗോവിന്ദൻ.

  മറുപടിഇല്ലാതാക്കൂ
 5. നന്നായിട്ടുണ്ട്. കഥകളി ക്യാപ്സൂളായില്ലെ, പിന്നെ തുള്ളലെന്തിന് കാലാനുസൃതമായി മാറാതിരിക്കണം ? ചാനൽ കോമഡിയെ എന്തു ശ്രദ്ധിച്ചാണ് നമ്മുടെ കുരുന്നുകൾ വീക്ഷിക്കുന്നതും അനുകരിക്കുന്നതും. ഇനിയൊരു പരിവർത്തനം അപ്രാപ്യം. മലയാള ഭാഷപോലും സർക്കാർ വകുപ്പിൽ ഭരണഭാഷ എന്നരീതിയിൽ മാത്രമല്ലെ ഉള്ളു. പിന്നെയെങ്ങനെ നാട്യകലകൾ (ക്ഷേത്ര കലകൾ) നിലനിൽക്കും. മലയാളത്തിലെ പ്രസിദ്ധമായ (ആക്ഷേപഹാസ്യ ) പഴഞ്ചൊല്ലുകൾ കുഞ്ചന്റെയും , തുഞ്ചന്റെയും ആണെന്ന് ആരറിവു.
  നാണംകെട്ടു പണം നാലു നേടുകിൽ
  നാണക്കേടാ പണമങ്ങു തീർത്തിടും
  കുഞ്ചൻ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജിതേഷ്. വായനയ്ക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 6. കുഞ്ചൻ - എന്റെ പ്രിയപ്പെട്ട കവിയെ നമിക്കുന്നു.
  കവിത നന്നായിട്ടുണ്ട്.

  നിത്യം തിന്നും ഗുളിക കണക്കെ
  നഞ്ചു നിറച്ചോരിന്നിൻ ഹാസ്യം
  തിന്നിട്ടിന്നൊരു ബാലകനയ്യോ
  ചൊല്ലുന്നശ്ലീലങ്ങൾ മാത്രം !

  നല്ലൊരു നർമ്മം നാടിനു നൽകിയ
  കുഞ്ചന്നിനിയൊരു ജന്മമെടുത്താൽ
  ഹാസ്യം തന്നുടെ ദുർഗ്ഗതി കണ്ടി-
  ട്ടുടനടിയാത്മാഹുതി ചെയ്തീടും !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായത്തിനും നല്ലൊരു കവിത സമ്മാനിച്ചതിനും നന്ദി, സന്തോഷം ഗിരിജ ടീച്ചർ

   ഇല്ലാതാക്കൂ
 7. കുഞ്ചൻ നമ്പ്യാർക്ക് തുള്ളൽ കവിതയിലൂടെ തന്നെ ആദരം അർപ്പിച്ചത് ഉചിതമായി. കവിത നന്നായി.

  പണ്ടൊക്കെ കുറച്ചു കാര്യങ്ങൾ മാത്രമായിരുന്നു ആക്ഷേപിയ്ക്കാനും പരിഹസിയ്ക്കാനും ഉണ്ടായിരുന്നത്. അത് കൊണ്ട് അവ എഴുതുമ്പോൾ അത് ആസ്വദിച്ചിരുന്നു. ഇന്ന് നോക്കൂ എല്ലാം ആക്ഷേപിയ്ക്കാനും പരിഹസിയ്ക്കാനും ഉള്ളതാണ്.

  മറുപടിഇല്ലാതാക്കൂ
 8. വീട്ടിലുമില്ല, നാട്ടിലുമില്ല
  പൊട്ടിച്ചിരിയോ, കൂട്ടച്ചിരിയോ
  എല്ലാവർക്കും ധൃതിയാണിപ്പോൾ
  വല്ലാതുള്ളൊരു ലോകം തന്നെ.

  മറുപടിഇല്ലാതാക്കൂ