ആകെ പേജ്‌കാഴ്‌ചകള്‍

2014 നവംബർ 16, ഞായറാഴ്‌ച

ചുംബനം



രാജകുമാരി
--------------

പുതുപനിനീർദളരാജികൾതൻ
മൃദുലത വെല്ലുന്ന തല്പമൊന്നിൽ
അഴകിനെവെന്നു കിടക്കയാണാ-
തളിരിളം മേനി കിനാവിൽ മുങ്ങി.
മുകളിലിളംകാറ്റിലാടി നീല-
ഞൊറികളും പട്ടുമേലാപ്പുമെല്ലാം
മുറിയതിൽ മങ്ങി പ്രഭപരത്തും
മണിവിളക്കിൻ മഞ്ജുകാന്തി ചിന്നി
കുനുകൂന്തൽ നീലച്ചുരുളുതന്നിൽ
പവിഴമണികൾ തെളിഞ്ഞുമിന്നി.
കസവിട്ട പട്ടുതലയണയിൽ
ചുളിവുകൾ മന്ദമമർത്തിനിർത്തി
കവിത വിരിയുന്ന നീലരാവിൽ
അവളാ സുഷുപ്തിയിലാണ്ടുപോയി.
മദനവികാരവിജൃംഭിതമാം
മുഴുമാറിൽ സൌഗന്ധകുന്തളത്തിൻ
കരലാളനങ്ങളുമേറ്റുമന്ദ-
മവൾ ഗാഢനിദ്രയിലാണ്ടുപോയി.

രാജകുമാരൻ
-----------------

അണയുകയാണവൻ, കിട്ടിടാത്തോ-
രസുലഭരത്നം കവർന്നെടുക്കാൻ
ഹൃദയം മിടിക്കുന്നു, കാത്തിരുന്നോ-
രുദയമടുക്കുന്നു മുന്നിലിപ്പോൾ
പിടയുകയാണവൻ, തന്മുഖത്തിൽ
സ്ഫുടമായ് തെളിയുന്നതുണ്ടു ചിത്തം
അടിവെച്ചടിവെക്കേ, കാലടികൾ-
ക്കടിയിൽ നിന്നൂർന്നൊരു മന്ദ്രനാദം
അതിശാന്തമന്ത:പുരത്തിനുള്ളി-
ലൊരു യുദ്ധമേഖല തീർത്തിരുന്നു.

ഈരടികൾ
---------------


ഒരു ഞെട്ടൽ, ചുണ്ടിന്നിണകൾതീർത്ത
സ്മരശരചുംബനമത്രമാത്രം !
അവളുണർന്നാപ്പട്ടുമെത്ത ഞെങ്ങി
പവിഴമണിക്കവിളൊന്നുരുമ്മി
പടപട വാതിൽ പലക തട്ടി
പടിവാതിൽ കാവല്ക്കാരൊന്നു ഞെട്ടി
പടപട നീണ്ട കുളമ്പടികൾ
ഇടയിലീ പ്രേമത്തിന്നീരടികൾ:
“കമിതാവാമെന്നെ വലിച്ചിഴച്ചോ-
രമിതസൌന്ദര്യമേ മാപ്പു നല്കൂ !”

(ടെനിസൺ എഴുതിയ ‘സ്ലീപ്പിങ്ങ്‌ ബ്യൂട്ടി’ എന്ന കവിതയോട്` കടപ്പാട്‌)

12 അഭിപ്രായങ്ങൾ:

  1. അത്തറിൻ സുഗന്ധവും പൂശിയെൻ മലർച്ചെണ്ടീ,
    മെത്തയിൽ വിടർന്നുവല്ലോ...
    മാണിക്യ മണിമുത്തുക്കവിളെന്റെ കവിളിലെ
    മങ്ങലിൽ തിളങ്ങി നിന്നല്ലോ... :)

    ശ്രീകുമാരൻ തമ്പി സാറിന്റെ വരികളിങ്ങനെയൊന്നു മാറ്റിപ്പാടിയാൽ മധുസൂദനൻ സാറിന്റെ പ്രണയാതുരനായ രാജകുമാരനു നന്നായിണങ്ങുമെന്നു തോന്നുന്നു. :) സൃഷ്ടിയിൽ ആത്മാർത്ഥത കലരുമ്പോൾ, സംഗീതത്തിനും, കവിതക്കും, കഥകൾക്കുമൊന്നും ഭാഷയൊരു പ്രശ്നമാവുന്നില്ലെന്നത്‌ വളരെ ശരി. പ്രണയം തുളുമ്പുന്ന വരികളും, അതിനനുയോജ്യമായ ചിത്രവും കൈകോർത്തു നിൽക്കുമ്പോൾ കവിയുടെ ഉള്ളിലെ പ്രണയം അനുവാചകർക്കനുഭവേദ്യമാകുന്നു. വളരെ നന്നായിരിക്കുന്നു കവിത.

    really a romantic poem that unveils the beauty of sleeping romance inside you...



    ശുഭാശംസകൾ സർ.....

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ

    1. റാംജീ, സന്തോഷം. താങ്കൾ ഒരു ചിത്രകാരൻ കൂടിയാണല്ലോ

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. നന്ദി വിനോദ്കുമാർ. ഈ വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  4. ഒരു പ്രണയാര്‍ദ്രമായ നല്ല സ്വപ്നദൃശ്യം...!

    മറുപടിഇല്ലാതാക്കൂ
  5. അക്ഷരങ്ങൾകൊണ്ട് കവിതയുടെ രൂപത്തിൽ ചിത്രം വരച്ചിരിക്കുന്നു,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. സന്തോഷം.ഇഷ്ടപ്പെട്ടതിൽ.
      ടീച്ചർ വേണമെങ്കിൽ ഒരു ഫോട്ടോ എടുത്തോളൂ.

      ഇല്ലാതാക്കൂ