ആകെ പേജ്‌കാഴ്‌ചകള്‍

2015, മേയ് 10, ഞായറാഴ്‌ച

സ്നേഹാമൃതം


വാടകയ്ക്കൊരു വീട്‌, മാസവാടകയ്ക്കതിൽ
മേശയും, കസേരയും, കട്ടിലും, പാത്രങ്ങളും.
വാടകയ്ക്കൊരുപെണ്ണ്‌, ക്രിക്കറ്റ്‌ കാണാനായി
വാടകയ്ക്കൊരു ടീവി, മറ്റെന്തുവേണം പിന്നെ?
കൃത്യമായ് പണമെണ്ണിക്കൊടുത്താൽ മതിയല്ലോ
ഉത്തരവാദിത്വത്തിൻ തലവേദനയില്ല!
വാടകയ്ക്കൊരു യാത്രാവണ്ടിയിൽ കയറുമ്പോൾ
പേടിയോ കടലുണ്ടിപ്പുഴപോൽ മുന്നിൽ കാണ്മൂ?
വാടകയ്ക്കൊരു രക്ഷിതാവിനെ കൂട്ടി പ്രിൻസി-
പ്പാളിനു സമർപ്പിക്കാം,തുടർന്നും ക്ലാസ്സിൽ പോകാം
വാടകയ്ക്കൊന്നോ രണ്ടോ വൃദ്ധരെകൂട്ടി പെണ്ണു-
കാണുവാൻ പോകാം, സദ്യയുണ്ടിടാം പലനാട്ടിൽ
വാടകയ്ക്കുടൻ കിട്ടാം കണ്ണും, വൃക്കയും, ഹൃത്തും
ചോരയും, പുതിയൊരു ഗർഭപാത്രവും, കുഞ്ഞും !
പ്രേമവും, അനുശോചനാനുമോദനങ്ങളും
കേവലം കാശെത്തീടും ദൂരത്തു കിടക്കുന്നു.
വാടകയ്ക്കൊരിക്കലും കിട്ടാത്ത നിധിയൊന്നേ
പാരിതിൽ, അതാണമ്മചുരത്തും സ്നേഹാമൃതം !

4 അഭിപ്രായങ്ങൾ:

  1. വാങ്ങാനാകാത്ത ചില നന്മകള്‍

    മറുപടിഇല്ലാതാക്കൂ
  2. അമ്മയെ ഓർക്കാനൊരുദിനം
    മക്കളെയോർക്കാനമ്മയ്ക്ക് ഒരു വേദന
    പ്രസവ വേദനയുടെ ഓർമ്മ.
    അതുമാത്രം മതി,
    അത് കാല ദേശാതീതം.............

    മറുപടിഇല്ലാതാക്കൂ